1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

വാഗണ്‍ ട്രാജഡി

ചെഞ്ചായമണിഞ്ഞ ഏറനാട്‌
 


ശത്രു രൌദ്രനായി ആഞ്ഞുവീശാന്‍ തുടങ്ങി. ഇന്ത്യന്‍ പട്ടാളത്തിന്റെ നാലിലൊന്നിനെ മുച്ചാണ്‍ വരുന്ന ഏറനാട്‌-വള്ളുവനാടിനെ ഭസ്മമാക്കാന്‍ കളരിയിലിറക്കി. ചാലിയാറും കടലുണ്ടിപ്പുഴയും ചുവന്നൊഴുകി. ഏറനാടന്‍ ഹരിതവയലുകള്‍ മാപ്പിളമാരുടെ വീരരക്തം വീണു ചുവന്നു. മയ്യിത്തുകള്‍ കൂമ്പാരമായി. മറവുചെയ്യാന്‍ ആളില്ലാതെ വന്നപ്പോള്‍ കാക്കകള്‍ക്കും കഴുകന്‍മാര്‍ക്കും നല്ല കാലം. ദുരന്തങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. അവസാനം കടലോളം കണ്ണുനീര്‍വീഴ്ത്തിയാലും കദനഭാരം തീരാത്ത വാഗണ്‍ട്രാജഡിയും. മാപ്പിളമനസ്സുകളില്‍ ഇന്നും ഉണങ്ങാത്ത ഒരു വ്രണമായി, നീറുന്ന സ്മരണയായി, ഭീകരസ്വപ്നമായി അതു നിലനില്‍ക്കുന്നു.ഗതകാലസ്മരണകള്‍
ഗതകാല ദുഃഖസ്മരണകള്‍ അയവിറക്കിക്കൊണ്ട്‌ മലപ്പുറം കോട്ടപ്പടിയിലെ വയല്‍ക്കരയില്‍ കൊന്നോല അഹമദ് ഹാജി എന്ന മഹാഭാഗ്യവാന്‍ ജീവിച്ചിരിക്കുമ്പോള്‍ നാമെന്തിനു ചരിത്രപുസ്തകത്തിലെ ദുരൂഹമായ നിഴലുകള്‍ തേടിപ്പോകണം. മൂത്രാശയരോഗം മൂലം അവശനാണെങ്കിലും ഹാജിസാഹിബിന്റെ ഓര്‍മകള്‍ക്ക്‌ ഇന്നും പൂപ്പലേറ്റിട്ടില്ല, ചിതല്‍ കാര്‍ന്നിട്ടുമില്ല. മീനത്തിലെ അപരാഹ്നത്തില്‍, വഴിതെറ്റി വന്ന തെന്നലിനോടൊപ്പം ഒരു നെടുവീര്‍പ്പിട്ടുകൊണ്ട്‌ അദ്ദേഹം കഥപറയാന്‍ തുടങ്ങി.

ചുറുചുറുക്കും തുടുതുടുപ്പും കത്തിനില്‍ക്കുന്ന 21 വയസ്സു പ്രായം. നവംബര്‍ മൂന്നോ നാലോ? തിട്ടമായി ഓര്‍ക്കുന്നില്ല. ഒരു വെള്ളിയാഴ്ചയാണെന്നു തീര്‍ച്ച. എന്നെയും ജ്യേഷ്ഠന്‍ യൂസുഫിനെയും പോലിസ്‌ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി. മൂത്ത ഇക്കാക്ക മൊയ്തീന്‍കുട്ടി അതിനു മുമ്പേ അവരുടെ പിടിയില്‍ അകപ്പെട്ടുകഴിഞ്ഞിരുന്നു. വലിയ ഇക്കാക്ക ഖിലാഫത്ത്‌ സെക്രട്ടറി ആയിരുന്നതിനാല്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഞങ്ങളുടേത്‌ ഒട്ടും കരുതിയിരുന്നില്ല. പട്ടാളത്തിന്റെ പാര്‍ശ്വവര്‍ത്തിയായിരുന്ന അംശം അധികാരി കുളപ്പാടന്‍ ആലിയുടെ പകപോക്കലിനു വിധേയരാവുകയായിരുന്നു ഞങ്ങള്‍. രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ള അധികാരി പേപ്പട്ടിയെപ്പോലെ ഓടിനടന്നു. തന്റെ മുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കാത്തവരെ ഹേഗ്‌ ബാരക്സിലും മുണ്ടുപറമ്പിലും ചൂണ്ടിനില്‍ക്കുന്ന തോക്കിന്‍കുഴലുകള്‍ക്കു നേരെ അയച്ചുകൊണ്ടിരുന്നു. പിടികിട്ടാത്തവരെ തേടി പകലന്തിയോളം നരനായാട്ടുകള്‍ സംഘടിപ്പിച്ചു. ചുരുക്കിപ്പറയാമല്ലോ, ഞാനും ജ്യേഷ്ഠനും പട്ടാളത്തിന്റെ പിടിയിലായി.

എം.എസ്‌.പി. ക്യാംപിലെ നരകം
എം.എസ്‌.പി. ക്യാംപിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്‌. അന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍ പാലം പൊളിച്ചു എന്നായിരുന്നു ഞങ്ങളില്‍ ചുമത്തപ്പെട്ട കുറ്റം! ദിവസത്തില്‍ ഒരു നേരം, സന്ധ്യക്കു മുമ്പേ ആഴക്ക്‌ ഉപ്പിടാത്ത ചോറായിരുന്നു ജീവന്‍ നിലനിര്‍ത്താന്‍ കിട്ടിയിരുന്നത്‌. ശൌചം ചെയ്യാന്‍ ഒരിറ്റു വെള്ളം പോലും ഒരാഴ്ചക്കാലത്തേക്കു ഞങ്ങള്‍ക്കു കിട്ടിയില്ല. ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ ഊഹിച്ചാല്‍ മതി. സ്വന്തം ശരീരത്തിന്റെ നാറ്റം സഹിക്കവയ്യാതെ ഞങ്ങളില്‍ പലരും പലവട്ടം ഓക്കാനിച്ചു. ബയണറ്റ്‌ മുനകളുടെ തലോടല്‍ മൂലം കിട്ടിയ മുറിവുകളുടെ വേദനകൊണ്ട്‌ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതായി. ഹേഗ്‌ ബാരക്സിലും ഒരാഴ്ചക്കാലം ഇതേ നരകവാസം തുടര്‍ന്നു.

ഹാജിയുടെ വീടര്‍ നല്‍കിയ ഗുളിക വിഴുങ്ങി, ചാരുകസേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു ഹാജി കഥതുടര്‍ന്നു. ഇനിയാണു മോനേ അദാബിന്റെ ആഴംകൂടിയ ഏടുകള്‍ ആരംഭിക്കുന്നത്‌.

 
20നു രാവിലെ ഞങ്ങളെ നന്നാലു പേരെ വീതം കൂട്ടിക്കെട്ടി. കഴുതവണ്ടികളും കാളവണ്ടികളും തയ്യാറായിനിന്നിരുന്നു. പട്ടാളക്കാര്‍ ആയുധങ്ങളുമായി ഈ വണ്ടികളില്‍ കയറി. ഓരോ വണ്ടിക്കും ഇടവിട്ട്‌ ഞങ്ങളെ നിര്‍ത്തി. വണ്ടികള്‍ ഓടാന്‍ തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം! ഓട്ടത്തിനല്‍പ്പം വേഗം കുറഞ്ഞാല്‍ പിന്നിലുള്ള വണ്ടിയില്‍നിന്നു നീണ്ടുവരുന്ന ബയണറ്റുകള്‍ ശരീരത്തില്‍ ആഞ്ഞുതറയ്ക്കും. ഓടിയും ചാടിയും കുന്നും കുഴിയും മലയും വയലും താണ്ടി ഉച്ചയോടെ കോട്ടക്കല്‍ എത്തിച്ചേര്‍ന്നു. പട്ടാളക്കാര്‍ക്കെല്ലാം മൃഷ്ടാന്നഭോജനം! ഞങ്ങള്‍ക്ക്‌ ഒരു തുള്ളി വെള്ളം പോലും നല്‍കാന്‍ ആ ചെകുത്താന്‍മാര്‍ക്കു മനസ്സലിഞ്ഞില്ല (ഹാജിയാര്‍ രണ്ടുവട്ടം ഉമിനീര്‍ ചവച്ചിറക്കി, വിശറിയെടുത്തു വീശാന്‍ തുടങ്ങി. അന്നനുഭവിച്ച ദാഹത്തിന്റെ മൂര്‍ച്ച ഇന്നും അദ്ദേഹത്തിനു ശമിച്ചിട്ടില്ലെന്നു തോന്നും).സിഗരറ്റ്‌ ടിന്നില്‍ നാലു വറ്റ്‌ ചോറ്‌
പട്ടാളക്കാര്‍ വീണ്ടും വണ്ടിയില്‍ കയറി. വീണ്ടും
ഞങ്ങളുടെ മരണ ഓട്ടം തുടര്‍ന്നു. സന്ധ്യയോടെ തിരൂരിലെത്തിച്ചേര്‍ന്നു.
എല്ലാവരെയും പ്ലാറ്റ്ഫോമില്‍ ഇരുത്തി. ഞങ്ങള്‍ ഇരിക്കുകയല്ല, വീഴുകയായിരുന്നു. പലരും തളര്‍ന്നുറങ്ങിപ്പോയി. ഏകദേശം അറുനൂറോളം തടവുകാരെ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. നിരവധി ഹിന്ദുസഹോദരന്‍മാരും ഈ കൂട്ടത്തിലുള്ളതായി ഓര്‍ക്കുന്നു. ഒരു സിഗരറ്റ്‌ ടിന്നില്‍ നാലു വറ്റ്‌ ചോറുമായി പട്ടാളക്കാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി. 81 വര്‍ഷം പിന്നിട്ട ജീവിതത്തില്‍, ഇത്രയും സ്വാദുള്ള ഭക്ഷണം ഞാന്‍ കഴിച്ചിട്ടില്ല എന്നതാണു സത്യം.ഏഴുമണിയോടെ മദ്രാസ്‌ സൌത്ത്‌ മറാട്ടാ കമ്പനിക്കാരുടെ എം.എസ്‌.എം. എല്‍.വി-1711 എന്നു മുദ്രണം ചെയ്ത മരണവാഗണ്‍ പടിഞ്ഞാറുനിന്നും നിരങ്ങിനിരങ്ങി സ്റ്റേഷനില്‍ വന്നുനിന്നു. കണ്ണില്‍ച്ചോരയില്ലാത്ത ആരാച്ചാരെപ്പോലെ വാതില്‍ തുറന്നുപിടിച്ച്‌ ആളുകളെ കുത്തിനിറയ്ക്കാന്‍ തുടങ്ങി. നൂറുപേര്‍ അകത്തായപ്പോഴേക്കും പലരുടെയും പൃഷ്ഠവും കൈകാലുകളും പുറത്തേക്കു തുറിക്കാന്‍ തുടങ്ങിയിരുന്നു. തലയണയില്‍ ഉന്നം നിറയ്ക്കുന്ന ലാഘവത്തോടെ തോക്കിന്‍ചട്ട കൊണ്ട്‌ അമര്‍ത്തിത്തള്ളി വാതില്‍ ഭദ്രമായി അടച്ചുകുറ്റിയിട്ടു.എല്ലാം വനരോദനം മാത്രം!അകത്തുകടന്നവരുടെ കാലുകള്‍ നിലത്തമര്‍ന്നില്ല. 200 പാദങ്ങള്‍ ഒന്നിച്ചമരാനുള്ള വിസ്തീര്‍ണം ആ സാമാനവണ്ടിക്കില്ലായിരുന്നു. ഒറ്റക്കാലില്‍, മേല്‍ക്കുമേല്‍, നിലംതൊടാതെ ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. തുടര്‍ന്നുള്ള വിവരണത്തിനു ഹാജിസാഹിബ്‌ അശക്തനാണ്‌. കേട്ടിരിക്കാന്‍ നമ്മളും: ശ്വാസംമുട്ടാന്‍ തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാറ്‌ ഞങ്ങള്‍ ആര്‍ത്തുവിളിച്ചു. കൈയെത്തിയവരൊക്കെ വാഗണ്‍ ഭിത്തികളില്‍ ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കി. ആരുണ്ട്‌ കേള്‍ക്കാന്‍! മുറിക്കകത്തു കൂരാക്കൂരിരുട്ട്‌. വണ്ടി ഏതോ സ്റ്റേഷനില്‍ നില്‍ക്കാന്‍ പോവുന്നതായി തോന്നി (ഷൊര്‍ണൂര്‍). ഞങ്ങള്‍ ശേഷിപ്പുള്ള ശക്തിയെല്ലാം സംഭരിച്ചു നിലവിളിച്ചു. എല്ലാം വനരോദനം മാത്രം. അപ്പോഴേക്കും പലരും മേല്‍ക്കുമേല്‍ മലര്‍ന്നുവീണു തുടങ്ങിയിരുന്നു. അറിയാതെ കുമ്മികുമ്മിയായി മലം വിസര്‍ജിച്ചു. കൈക്കുമ്പിളില്‍ മൂത്രമൊഴിച്ചു വലിച്ചുകുടിച്ചു ദാഹംതീര്‍ക്കാന്‍ വിഫലശ്രമം നടത്തി. ആണാടിനെപ്പോലെ സഹോദരന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ നക്കിനുണഞ്ഞു. ദാഹം സഹിക്കുന്നില്ല. ശ്വാസം കിട്ടുന്നില്ല. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു. മരണവെപ്രാളത്തില്‍ സഹോദരബന്ധുമിത്രബന്ധം മറന്നു.

ഹാജി വിയര്‍ത്തൊലിക്കാന്‍ തുടങ്ങിയിരുന്നു. കണ്ണടച്ചു നിശ്ശബ്ദനായിരുന്നു. ഒരു ചുടുനിശ്വാസത്തോടെ വീണ്ടും മരണവണ്ടിയിലേക്കു തിരിച്ചുവന്നു.
ശ്വസിക്കാന്‍ കിട്ടിയ ഓട്ട
ഞാനും യൂസുഫ്കാക്കയും ചെന്നുവീണത്‌ അസ്‌റാഈലിനു തല്‍ക്കാലം പിടികിട്ടാത്ത ഓരത്തായിരുന്നു. എങ്ങനെയോ ഇളകിപ്പോയ ഒരു ആണിയുടെ പഴുതുള്ള ഭാഗ്യസ്വര്‍ഗത്തില്‍. ദ്വാരത്തില്‍ മാറിമാറി മൂക്കുവച്ച്‌ പ്രാണന്‍ പോകാതെ ഒപ്പിച്ചു. എങ്കിലും കുറേ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞുനോക്കുമ്പോള്‍ നാലഞ്ചുപേരുണ്ട്‌ മൌത്തായി ഞങ്ങളുടെ മേല്‍ വീണുകിടക്കുന്നു! പുലര്‍ച്ച നാലുമണിക്കാണു വണ്ടി പോത്തന്നൂര്‍ സ്റ്റേഷനില്‍ എത്തിയത്‌. ബെല്ലാരിക്കാണല്ലോ ഞങ്ങളെ കൊണ്ടുപോവുന്നത്‌. ആ പാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ഭീകരദൃശ്യം ആ പിശാചുക്കളെപ്പോലും ഞെട്ടിച്ചു. 64 പേരാണു കണ്ണുതുറിച്ച്‌, ഒരു മുഴം നാക്കുനീട്ടി മരിച്ചുകിടക്കുന്നത്‌; 60 മാപ്പിളമാരും നാലു തിയ്യന്‍മാരും.
'മത്തി വറ്റിച്ച പോലെ'
വെളിച്ചം കടന്നുവന്നപ്പോള്‍ ഹാജി കണ്ട കാഴ്ച ഒന്നു വിവരിക്കാമോ?

ഉത്തരം ഒറ്റ വാക്കിലായിരുന്നു: 'മത്തി വറ്റിച്ച പോലെയുണ്ടായിരുന്നു.'
മലം, മൂത്രം, രക്തം, വിയര്‍പ്പ്‌ തുടങ്ങിയ 'മസാലകള്‍' ചേര്‍ത്തുള്ള വറ്റിക്കല്‍! വല്ലാത്തൊരു ഉപമ!

"തണുത്ത വെള്ളം വാഗണിലേക്കു കോരിയൊഴിക്കാന്‍ തുടങ്ങി. തണുത്തു വിറങ്ങലിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവന്‍ അവശേഷിച്ചവര്‍ ഒന്നു പിടച്ചു. ഞങ്ങളെ നേരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തന്നൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. അവരെ തിരൂരിലേക്കു തന്നെ മടക്കി. ആശുപത്രിയില്‍ എത്തും
മുമ്പേ എട്ടുപേര്‍ കൂടി മരിച്ചു. ഞങ്ങള്‍ 28 ഭാഗ്യവാന്‍മാര്‍ മാത്രം പടച്ചവന്റെ ഖുദ്‌റത്തിനാല്‍ രക്ഷപ്പെട്ടു. ഒരുമാസത്തെ ചികില്‍സ കഴിഞ്ഞപ്പോള്‍ ബെല്ലാരി ജയിലിലേക്കു കൊണ്ടുപോയി. 10 മാസത്തെ ജയില്‍വാസം കഴിഞ്ഞപ്പോള്‍ വിട്ടയക്കുകയും ചെയ്തു."വീണ്ടും കണ്ണുകള്‍ നിറയുന്നു
ഒരു മഹാവിപത്തില്‍നിന്നും രക്ഷപ്പെട്ടവര്‍ എന്ന നിലയ്ക്കു ജയിലധികാരികളുടെ പെരുമാറ്റം സൌമ്യമായിരുന്നുവോ? ജയിലില്‍ ഓര്‍മിക്കത്തക്ക വല്ല അനുഭവവും വിവരിക്കാനുണേ്ടാ?
ഈ ചോദ്യം കേട്ടപ്പോള്‍ ഹാജിയുടെ കണ്ണുകള്‍ ഒരിക്കല്‍ക്കൂടി ആര്‍ദ്രമായി.

"വലിയ ഇക്കാക്കയുടെ വര്‍ത്തമാനം അറിയാത്തതിലായിരുന്നു ആകപ്പാടെയുള്ള വിഷമവും ഉല്‍ക്കണ്ഠയും. ഞങ്ങളെ തെളിച്ചുകൊണ്ടുവരുമ്പോള്‍ ഇക്കാക്ക ഹേഗ്‌ ബാരക്സില്‍
ത്തന്നെയുണ്ടായിരുന്നു. പിന്നീട്‌ യാതൊരു വര്‍ത്തമാനവും അറിഞ്ഞിരുന്നില്ല. അപ്പോഴാണു വാഗണ്‍ ദുരന്തത്തെക്കുറിച്ചന്വേഷിക്കാന്‍ കല്ലടി മൊയ്തുട്ടി സാഹിബും മറ്റും വരുന്നുണെ്ടന്നു കേട്ടത്‌. ഇവരോടു യാതൊന്നും പറയരുതെന്നു വാര്‍ഡന്‍മാര്‍ വിലക്കിയിരുന്നെങ്കിലും നാട്ടുവര്‍ത്തമാനങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ മടികാണിച്ചില്ല. എന്റെ വലിയ ഇക്കാക്കയെ അന്നുതന്നെ (നവംബര്‍ 20) ഒരു മരത്തോടു ചേര്‍ത്തു വരിഞ്ഞുകെട്ടി വെടിവച്ചുകൊന്നിരുന്നു. ഇതു കേട്ടപ്പോള്‍ മനസ്സാകെ പതറിപ്പോയി. ഞാനും ചെറിയ ഇക്കാക്കയും കെട്ടിപ്പിടിച്ചു പലവട്ടം കരഞ്ഞു. ഇതോടെ ഉമ്മയെയും ഉപ്പയെയും കുറിച്ചുള്ള നൊമ്പരങ്ങള്‍ അലട്ടാന്‍ തുടങ്ങി."

കോട്ടപ്പടി പള്ളിയില്‍നിന്നും മഗ്‌രിബ്‌ ബാങ്ക്‌വിളി കേള്‍ക്കുന്നു. ആ ഭക്തനു നമസ്കരിക്കാന്‍ തിടുക്കമായിരിക്കുന്നു. താങ്ങാന്‍ കഴിയാത്ത വിഷാദഭാരവും പേറി, പേക്കിനാവു കണ്ടു ഞെട്ടിയുണര്‍ന്ന കുഞ്ഞിനെപ്പോലെ വയല്‍വരമ്പില്‍നിന്നു വീഴാതിരിക്കാന്‍ തപ്പിത്തടഞ്ഞു ഞാന്‍ തിരികെ നടന്നു.
(തിരൂര്‍, 20. 4. 1981)

1981ല്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ 'മെക്കോ' സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിദ്ധീകരിച്ച വാഗണ്‍ട്രാജഡി അനുസ്മരണപ്പതിപ്പില്‍ നിന്ന്‌.


അബ്ദു ചെറുവാടി
തേജസ്‌
This website is dedicated in search of the information about Wagon Tragedy, Wagon Tragady, Tirur,Tiroor, Malabar Battle, Malabar Rebbelion, Pookkottur, Pookkottur War, The battle of pookkottur, Malabar mappila, Mophalla.

10 comments:

 1. ഇന്ന് സുഖമായി വലിഞ്ഞു കയറി ഭരിക്കുന്നവരൊക്കെ ഈ വേദനയും കഷ്ടപ്പാടും ഓര്‍ക്കുന്നുണ്ടാകുമോ?

  ReplyDelete
 2. ചരിത്രം പറഞ്ഞ് തരാൻ അവശേഷിച്ച ആ വലിയ മനുഷ്യനെ കാണണമെന്ന് ഞാനും ആഗ്രഹിക്കുന്നു. പക്ഷേ, ഈ കഥകൾ കേട്ടിരിക്കാൻ മാത്രം കഠിന ഹൃദയനല്ല ഞാൻ. ഈ വാക്കുകൾ ഇനിയും കേൾക്കാൻ എന്റെ കാതുകൾക്ക് ശക്തിയില്ല.
  ജയ് ഹിന്ദ്.

  ReplyDelete
 3. ഇതിവിടെ പോസ്റ്റിയതിന് താങ്കള്‍ക്ക് നന്ദി.

  ReplyDelete
 4. ബഷീര്‍..

  നന്ദി,അഹമ്മദ് ഹാജിയെ പരിചയപ്പെടുത്തിയതിന്. ഇങ്ങനെ എത്ര പേരുടെ ചോരയും നീരും കണ്ണീരിന്റെ ഉപ്പുമുണ്ട് നമ്മള്‍ ദുരുപയോഗം ചെയ്യുന്ന ഈ സ്വാതന്ത്ര്യത്തിന്!!ആരെങ്കിലും ഓര്‍ക്കുന്നുവോ അത്.

  ReplyDelete
 5. ശരിയാണ്‌. ഇതു പോലെ എത്രയോ പേരുടെ ജീവന്‍ ബലി അര്‍പ്പിച്ചാണ്‌ നമുക്ക്‌ സ്വാതന്ത്യ്രം കിട്ടിയത്‌. പക്ഷെ ഇവരെയൊക്കെ നാം വിസ്മരിച്ചു പോയി.
  വാഗണ്‍ ട്രാജഡിയെ കുറിച്ച്‌ നമ്മുടെ പാഠ പുസ്തകങ്ങളിലോ, കേരള ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ വലിയ പ്രാധാന്യം കൊടുത്തിട്ടില്ല
  പിന്നെങ്ങിനെ പുതുതലമുറ ഇവരെ കുറിച്ചറിയും
  ഏല്ലാവര്‍ക്കും നന്ദി.

  ReplyDelete
 6. abdu cheruvadi is my father he was passed away on 21.02.08 heartly congragulatin for yr work

  ReplyDelete
 7. best activities< allah ...................

  ReplyDelete
 8. Got useful information from this site. The information on Wagon Tragedy available on wikipedia website is incomplete. Pls do the necessary to upload all the relevant information to wikipedia site for the help of history students.
  Ajil

  ReplyDelete