വാഗണ്‍ ട്രാജഡിക്ക് 87 വയസ്സ്

1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ. വാഗണ്‍ ട്രാജഡി.

അവര്‍ കരുതിയ പോലെ ഇന്ത്യക്കര്‍ക്കിന്നും മനസ്സില്‍ മായാത്ത മുറിവായി ശേഷിക്കുന്നു ആ ദുരന്തം. വാഗണ്‍ ട്രാജഡി എന്ന ആ നരനായാട്ടിന്‌ നാളെ 87 വയസ്സ്‌.
ഏറനാട്ടിലെ മാപ്പിളമാരുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ അടിച്ചമര്‍ത്തലിനെതിരെ രോഷാഗ്നി കത്തിജ്ജ്വലിച്ച്‌ മൂര്‍ധന്യാവസ്ഥയില്‍ ബ്രിട്ടീഷ്‌ പട്ടാളത്തിനു നേരെ പലയിടത്തും നേരിട്ട്‌ അക്രമം തുടങ്ങി.
മാപ്പിളമാര്‍ക്ക്‌ നേരെ തുറന്ന ആക്രമണം തന്നെ ബ്രിട്ടീഷ്‌ പട്ടാളം അഴിച്ചുവിട്ടു. ലഹളക്കാരെ ആട്ടിയോടിച്ച്‌ പിടിച്ച്‌ ഗുഡ്സ്‌ വാഗണില്‍ കുത്തി നിറച്ച്‌ കോയമ്പത്തൂരിലേലെ ജയിലിലേക്ക്‌ മാറ്റി കൊണ്ടിരുന്നു.

1921 നവമ്പര്‍ 19 ന്‌ രാത്രി തിരൂരില്‍ നിന്ന്‌ നൂറോളം തടവുകാരുമായി എം.എസ്‌.എം.എല്‍.വി 1711 എന്ന്‌ മുദ്രണം ചെയ്‌ത ഒരു വാഗണ്‍ കോയമ്പത്തൂരിലേക്ക്‌ പുറപ്പെട്ടു.
രാവിലെ മുതല്‍ തന്നെ ഏറനാട്‌ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ തടവുകാരായി പിടികൂി‍യ മാപ്പിളമാരെ നന്നാലു പേരെ വീതം കൂട്ടിക്കെട്ടി കഴുത വണ്ടികളിലും കാളവണ്ടികളിലും പുറകില്‍ കെട്ടി വണ്ടികള്‍ ഓടിച്ചു. തടവുകാരെ വലിച്ചിഴച്ചു കൊണ്ട്‌ മലകളും കുന്നുകളും വയലുകളും താണ്ടി ഓട്ടം തുടര്‍ന്നു. തലക്ക്‌ മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യന്‍. ദാഹത്തിനൊരിറ്റു വെള്ളം നല്‍കിയില്ല പട്ടാളക്കാര്‍.

സന്ധ്യയോടെ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ അവശരായെത്തിയ തടവുകാരെ തയ്യാറായി നിന്നിരുന്ന വാഗണില്‍ കുത്തി നിറച്ചു. ക്യാപ്റ്റന്‍ ഹിച്ച്കോക്കായിരുന്നു ഈ പൈശാചിക കൃത്യത്തിന്‌ നേതൃത്വം നല്‍കിയത്‌. ഒപ്പം മല്ലന്‍മാരായ നൂറിലധികം പട്ടാളക്കാരും. അവശതയോടെ വേച്ചു വേച്ചു നടന്നവരെ തോക്കിന്‍ പട്ട കൊണ്ട്‌ വാഗണിനുള്ളിലേക്ക്‌ കുത്തിനിറച്ചു.ബയണറ്റ്‌ മുനകളേറ്റ്‌ പലരുടെയും ദേഹത്തു നിന്നും ചോര പൊടിഞ്ഞു. നൂറു പേര്‍ അകത്തായപ്പോള്‍ പലരുടേയും പൃഷ്ടവും കൈകാലുകളും പുറത്തേക്ക്‌ തുറിച്ചു. തലയിണയില്‍ ഉന്നം നിറക്കും ലാഘവത്തില്‍ തോക്ക്‌ കൊണ്ട്‌ കുത്തിയമര്‍ത്തി വാതില്‍ ഭദ്രമായി അടച്ചു കുറ്റിയിട്ടു.

വേദന കൊണ്ട്‌ ഒന്നു പിടയാന്‍ പോലും പലര്‍ക്കും കഴിഞ്ഞിരുന്നില്ല.പലരും നിലം തൊടാതെയാണ്‌ നിന്നിരുന്നത്‌.എങ്ങും ഇരുട്ട്‌ മാത്രം ദാഹം സഹിക്കാന്‍ കഴിയാതെ തൊണ്ടവരണ്ട്‌ പരസ്പരം വിയര്‍പ്പുകള്‍ നക്കി തുടച്ചു.ആര്‍ത്തു കരഞ്ഞു.വണ്ടി കുറേ ദൂരം പോയപ്പോഴേക്കും പലരും മലര്‍ന്നു വീണു തുടങ്ങിയിരുന്നു.
ദാഹം ശമിക്കാഞ്ഞ്‌ പരസ്പരം കടിച്ചു കീറി ഒലിച്ചിറങ്ങിയ രക്തം നക്കി കുടിച്ചു. ഇതിനകം തന്നെ പലരും വീണു കഴിഞ്ഞിരുന്നു.

വാഗണിലെ ആണി ഇളകിയ സുഷിരത്തിലൂടെ മൂക്ക്‌ വെച്ച്‌ ശ്വസിച്ച്‌ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും പലര്‍ക്കും അതിനു സാധിച്ചില്ല,
നവമ്പര്‍ 20 ന്‌ വണ്ടി പോത്തന്നൂരെത്തി.1171 വാഗണ്‍ തുറന്ന്‌ നോക്കിയപ്പോള്‍ ആ മനുഷ്യാധമന്‍മാര്‍ പോലും ഞെട്ടിത്തരിച്ചു പോയി.

മൂന്ന്‌ ഹിന്ദുക്കളടക്കം 56 പേര്‍ മരണപ്പെട്ടിരുന്നു. ജീവന്‍ ശേഷിച്ചവരെ കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക്‌ മാറ്റി.സ്റ്റേഷനില്‍ നിന്നും ആശുപത്രിയിലെത്തിയപ്പോയേക്കും ആറു പേര്‍ കൂടി മരണപ്പെട്ടു. ബാക്കി 25 പേരെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 പേരില്‍ ആറു പേരും മരണപ്പെട്ടു.വാഗണില്‍ മരിച്ചു കിടന്നവരെ ഏറ്റെടുക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. ജഡങ്ങള്‍ വാഗണില്‍ തന്നെ വാരിപ്പൊറുക്കിയിട്ടു തിരൂരിലേക്ക്‌ തന്നെ വിട്ടു.
നാല്‍പത്തൊന്ന്‌ മൃതദേഹങ്ങള്‍ തിരൂര്‍ കോരങ്ങത്ത്‌ പള്ളിയിലും 11 മൃതദേഹങ്ങള്‍ കോട്ട്‌ പള്ളിയിലും അടക്കം ചെയ്തു. ബാക്കിയുള്ളവ മുത്തൂരിലെ ഒരു കല്ലുവെട്ടു കുഴിയിലും അടക്കം ചെയ്തു.


പൈശാചികമായ നരഹത്യ കേട്ടവരല്ലാം സ്തംഭിച്ചു. ബ്രിട്ടീഷ്‌ പത്രങ്ങള്‍ പോലും സംഭവത്തിനുത്തരവാദികളെ തൂക്കി കൊല്ലണമെന്ന്‌ മുഖപ്രസംഗമെഴുതി.
നാട്ടിലെങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടു. ജനം ഇളകി മറിഞ്ഞു. സംഭവം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഡല്‍ഹിയിലെ ലജിസ്ലേറ്റീവ്‌ അസംബ്ലിയിലെത്തി. സംഭവത്തെ കുറിച്ചന്വേഷിക്കുവാന്‍ മലബാര്‍ സ്പെഷല്‍ കമ്മീഷണറായിരുന്ന എ.എന്‍ നാപ്പിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ നിയമിച്ചു. നാപ്പിന്റെ റിപ്പോര്‍ട്ടിന്റെ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ 300 രൂപ വീതം നല്‍കി.

ഇന്ന്‌ തിരൂരിലെത്തുന്നവര്‍ക്ക്‌ വാഗണ്‍ ദുരന്തത്തിന്റെ സ്മരണക്ക്‌ ഉചിതമായി വാഗണ്‍ രൂപത്തിലുള്ള ടൌണ്‍ഹാള്‍ കാണാം. ഹാളിനുള്ളിലെ ഫലകത്തില്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ പേര്‌ കൊത്തിയിട്ടുണ്ട്‌. വാഗണ്‍ ദുരന്തത്തെ കുറിച്ച്‌ അന്നത്തെ മദിരാശി ലജിസ്ലേറ്റീവ്‌ കൌണ്‍സില്‍ ദിവാന്‍ ബഹദൂര്‍ കൃഷണന്‍ നായര്‍ ഉയര്‍ത്തിയ പത്ത്‌ ചോദ്യങ്ങള്‍ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു.
1. തടവുകാരെ കയറ്റി അയച്ച വാഗണിന്റെ നീളവും വീതിയും എത്രയായിരുന്നു,
2. വാഗണ്‍ മുഴുവന്‍ മൂടിയിട്ടുണ്ടായിരുന്നോ.
3. വഗണ്‍ മനുഷ്യര്‍ക്ക്‌ സഞ്ചരിക്കാനുള്ളതായിരുന്നോ
4. മരിച്ചവരുടേതടക്കം മൊത്തം തടവുകാരുടെ എണ്ണമെത്ര.
5. തീവണ്ടി തിരൂര്‍ വിടുന്നതിനു മുന്‍പ്‌ വല്ല തടവുകാരും കമ്പാര്‍ട്ട്‌മെന്റിലെ തിരക്കിനെ കുറിച്ച്‌ ആക്ഷേപമുന്നയിച്ചിരുന്നുവോ.
6. റയില്‍വേയുടെയോ ഗവര്‍മെന്റിന്റേയോ ഉത്തരവാദപ്പെട്ട വല്ല ഉദ്യോഗസ്ഥരും പ്രസ്തുത തീവണ്ടി തിരൂരില്‍ നിന്നോ മറ്റു വല്ല സ്റ്റേഷനുകളില്‍ നിന്നോ പരിശോധിച്ചിരുന്നോ.
7. ഏതു സമയത്ത്‌ തീവണ്ടി തിരൂര്‍ സ്റ്റേഷന്‍ വിടുകയും പോത്തന്നൂരില്‍ എത്തുകയും ചെയ്തു.
8. ശവശരീരങ്ങള്‍ മലബാറില്‍ നിന്നോ കോയമ്പത്തൂരില്‍ നിന്നോ ഇന്‍ക്വസ്റ്റ്‌ നടത്തിയിരുന്നോ.
9. ഏതെങ്കിലും മെഡിക്കല്‍ ഓഫീസര്‍ പോസ്റ്റ്മോര്‍ട്ടം
നടത്തിയിരുന്നുവോ. നടത്തിയിരുന്നുവെങ്കില്‍ എന്താണ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്‌.
10. കൃത്യമായി എത്ര തടവുകാര്‍ മരിച്ചു. വണ്ടിയില്‍ വെച്ചും പോത്തന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ചും ആശുപത്രിയില്‍ വെച്ചും.

നാപ്പ്‌ സായിപ്പിന്റെ അന്വേഷണ കമ്മറ്റിയുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ പറഞ്ഞ്‌ ലെജിസ്ലേറ്റീവ്‌ കൌണ്‍സില്‍ ഈ ചോദ്യങ്ങള്‍ മുഖവിലക്കെടുത്തില്ല.
തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങുന്ന ഏതൊരാളെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ദാരുണ മരണം ഏറ്റുവാങ്ങിയവരുടെ ഓര്‍മകള്‍ അറിയാതെ നൊമ്പരപ്പെടുത്തും. രാജ്യത്തിനു വേണ്ടി രക്തം ചിന്തിയ ഈ യോദ്ധാക്കളുടെ ഓര്‍മ ലോകമുള്ളിടത്തോളം കാലം മനസ്സില്‍ മറയാതെ നില്‍ക്കും.മനോരമ
1997 നവമ്പര്‍ 20

5 comments:

Joker said...

കണ്ണില്‍ നനവ് പടര്‍ത്തിയ വിവരണം.

നന്ദി

smitha adharsh said...

വിവരണം വളരെ ശക്തമായി..മനസ്സില്‍ തുളഞ്ഞു കയറി.

അനൂപ്‌ കോതനല്ലൂര്‍ said...

ആ സംഭവമൊക്കെ നമ്മൾ മറന്നു കഴിഞ്ഞിരിക്കുന്നു.അന്ന് ജീവൻ ത്യജിച്ച എത്ര എത്രപേരുടെ കണ്ണിരിന്റെ നനവാണ് ഇന്ന് നാം, അനുഭവിക്കുന്ന ജീവിതം.

Basheer said...

Dear Joker, Smitha Adharsh, Anoop Kothanallur ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും നന്ദി.

shali said...

വളരെ നന്ദി ബഷീര്‍....ഇതു ഞാന്‍ face book ഇല്‍ ഇട്ടു.കുറേപേര്‍ക്ക് വളരേ ഉപകാരമായെന്നു പറഞ്ഞു.

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal