ചരിത്രത്തിലേക്കു നീളുന്ന റെയില്‍പ്പാളങ്ങള്‍

1921 നവംബര്‍ 19നു തിരൂരിലെ കോരങ്ങത്ത്‌ പള്ളിയുടെ പ്രാചീന മിനാരത്തിന്റെ അട്ടപ്പാറലു പിടിച്ച ചെങ്കല്‍വാതിലിലൂടെ മഗ്‌രിബ്‌ ബാങ്ക്‌ ഒഴുകിയെത്തുമ്പോള്‍ അല്‍പ്പമകലെ റെയില്‍വേ സ്റ്റേഷനില്‍ നെഞ്ചില്‍ തറയ്ക്കുന്ന ചൂളംവിളിയുയര്‍ത്തിക്കൊണ്ട്‌ എം.എസ്‌.എം. എല്‍.വി-1711 എന്ന ചരക്കുവണ്ടിയുടെ ആ ഒറ്റ ബോഗി വന്നുനിന്നു. ആക്രോശിച്ചു ബൂട്ടമര്‍ത്തി നടക്കുന്ന പട്ടാളമേധാവികളുടെ ശബ്ദത്തെ ഭേദിച്ചുകൊണ്ട്‌ ഇരുമ്പ്‌ വാഗണില്‍ കുത്തിയമര്‍ത്തി നിറയ്ക്കപ്പെട്ടവരുടെ നിലവിളിയുയര്‍ന്നു. ക്രൂരമായ അത്തരം പ്രവൃത്തികള്‍ക്കു സഹായകമാവുന്ന തരത്തില്‍ അന്നു മാര്‍ഷ്യല്‍ ലോപ്രഖ്യാപിച്ചിരിക്കുകയായിരുന്നു. യോഗം, പ്രകടനം, പത്രറിപോര്‍ട്ടിങ്ങ്‌, കൂട്ടംകൂടിനില്‍ക്കല്‍, പുറത്തിറങ്ങല്‍ എന്നിവയൊക്കെ വിലക്കപ്പെട്ടിരുന്നു. എന്നിട്ടും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുതിച്ചെത്തിയ പലരെയും ബ്രിട്ടീഷുകാരന്‌ ആയുധം പ്രയോഗിച്ച്‌ അകറ്റേണ്ടിവന്നു. വന്നുകൂടിയ പലര്‍ക്കും അറസ്റ്റ്‌ ചെയ്ത ചിലരെ തീവണ്ടിയില്‍ കൊണ്ടുപോവുന്നുവെന്നല്ലാതെ മറ്റു സംഭവങ്ങള്‍ അറിയുമായിരുന്നില്ല. കുടുംബനാഥന്‍മാരെ കൊണ്ടുപോവുന്നുവെന്നു കേട്ടറിഞ്ഞ അല്‍പ്പം ചില സ്ത്രീകളും കുട്ടികളും ഒക്കെ അവിടെയെത്തിയിരുന്നു.

നിലത്ത്‌ കാലമരാതെ, ഉച്ചിയില്‍ ചെന്നുകുത്തിയ തല വളഞ്ഞു മടങ്ങി, കൈകാലുകള്‍ പിണഞ്ഞുപൊട്ടി, ഞരമ്പുകള്‍ ചേര്‍ന്നമര്‍ന്നു രക്തം തരിച്ച്‌ അവര്‍ വിറങ്ങലിച്ചപ്പോള്‍ വണ്ടിയുടെ കനത്ത ഇരുമ്പു ഷട്ടര്‍ ആരോ കുത്തിയടച്ചു. അപ്പോള്‍ പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദമുയര്‍ന്നു. വണ്ടി നീങ്ങിത്തുടങ്ങി...

ആ ഗുഡ്സ്‌ വാഗണ്‍ നിരപരാധരുടെ അവസാനത്തെ ചുടുനിശ്വാസത്തില്‍ നിറഞ്ഞുനിന്നു. തീവണ്ടിയുടെ ആണി ഇളകിപ്പോയ ഓട്ടകളിലേക്ക്‌ ഊഴമിട്ടൂഴമിട്ട്‌ ചലനമറ്റ മയ്യിത്തുകള്‍ക്കിടയിലൂടെ ഒരിറ്റു ശ്വാസമെടുക്കാന്‍ അവര്‍ ഊര്‍ന്നിറങ്ങി. ഊഴം ഒരു ചുറ്റെത്തുന്നതിനു മുമ്പു പലരും കുഴഞ്ഞുതളര്‍ന്നു. ഒരിറ്റു ശ്വാസത്തിന്റെ പിന്‍ബലത്തില്‍ അവര്‍ നിലനിര്‍ത്താന്‍ പരിശ്രമിച്ച ജീവിതങ്ങളിലൂടെ ഒരു ദേശത്തിന്റെ ഉയിരും അഭിമാനവും സ്വപ്നം കണ്ടിരുന്നു. ജീവന്റെ ചെറുനൂലിഴകള്‍ വലിഞ്ഞുപൊട്ടുമ്പോള്‍ ബ്രിട്ടീഷ്‌ വൈദേശികഭീകരതയുടെ കനത്ത ബൂട്ടടികള്‍ക്കെതിരേ ഉയര്‍ന്ന ആത്മാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും അവസാനത്തെ പ്രതിഷേധത്തുടിപ്പുകള്‍ പിടഞ്ഞമരുന്നതുകണ്ടു ചുടുനിശ്വാസത്തില്‍ കുതിര്‍ന്ന വിതുമ്പലുതിര്‍ക്കാന്‍ ആ വിപ്ലവകാരികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചരിത്രം വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രമേ അതിന്റെ മൂല്യവും പ്രാധാന്യവും തിരിച്ചറിഞ്ഞുള്ളൂ.1

ട്രെയിന്‍ കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍മാസ്റ്റര്‍ വാഗണ്‍ തുറന്നുനോക്കി. 64 പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. തിരിച്ചയക്കപ്പെട്ട വണ്ടി തിരിച്ചു പുലര്‍ച്ചെ നാലുമണിക്കു തിരൂരിലെത്തിയപ്പോഴേക്കും മരണസംഖ്യ 72 ആയിരുന്നു. രക്ഷപ്പെട്ട 28 പേരെ ആന്ധ്രയിലെ ബെല്ലാരിയിലെ ജയിലിലേക്കയച്ചു. വാഗണ്‍ദുരന്തത്തെ കുറിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ നടത്തിയ അന്വേഷണപ്രഹസനം നമ്മുടെ ഗോധ്രാസംഭവത്തിന്റെ അന്വേഷണത്തില്‍ നിന്ന്‌ അധികമൊന്നും വിഭിന്നമല്ല. പട്ടാളമേധാവി ഹിച്കോക്ക്‌ നിരപരാധിയും റെയില്‍വേ സാര്‍ജന്റും കമ്പനിക്കാരും കുറ്റക്കാരും!2

127 പേരെ മൊത്തം അറസ്റ്റ്‌ ചെയ്തിരുന്നതായും ദുരന്തത്തിനുശേഷം അതിജീവിച്ച 28 പേരെ ബെല്ലാരിയിലേക്കു കൊണ്ടുപോയത്‌ നവംബര്‍ 28 നു തിരൂരില്‍ നിന്നാണെന്നും 18 അടി നീളവും 9 അടി വീതിയും ഉള്ള വാഗണ്‍ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്നും ഒരു റിപോര്‍ട്ടുണ്ട്‌. 3
എന്നാല്‍, മറ്റൊരു റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അറസ്റ്റ്‌ ചെയ്യപ്പെട്ട 122 മാപ്പിളത്തടവുകാരില്‍ 64 പേര്‍ രക്തസാക്ഷികളായെന്നു മൊഴി കൂടിയുണ്ട്‌. 4

60 തടവുകാരെയും കൊണ്ടുപോവുകയായിരുന്ന ഒരൊറ്റ വാഗണ്‍ തിരൂരില്‍ നിന്നും പുറപ്പെട്ടു പോത്തന്നൂരില്‍ എത്തുമ്പോഴേക്കും എല്ലാവരും ശ്വാസംമുട്ടി മരിച്ചിരുന്നു എന്നാണു ഡോ. എം.പി.എസ്‌. മേനോന്‍ എഴുതുന്നത്‌. 5

സംഭവത്തെ തുടര്‍ന്നു കോളനി ഭരണാധികാരികളുടെ ക്രൂരമായ മുഖാവരണം വലിച്ചുനീക്കിക്കൊണ്ട്‌ ലണ്ടന്‍ ടൈംസിന്റെ ബോംബെ ലേഖകന്‍ ഇങ്ങനെ എഴുതി: "ഗ്രേറ്റ്‌ ബ്രിട്ടനിലെ മനുഷ്യരുടെ സംസ്കാരത്തെ ലോകത്തിനു മുമ്പില്‍ ഇടിച്ചുതാഴ്ത്തുന്നതാണ്‌ ഈ സംഭവം." ഹിച്കോക്കിന്റെ പേരെടുത്തുപറഞ്ഞ ലേഖകന്‍, അയാളെ വിചാരണ ചെയ്തു വധിക്കേണ്ട കേസാണിതെന്നു കൂടി സൂചിപ്പിക്കുകയുണ്ടായി. അന്നു പരിമിതമായാണെങ്കിലും
മലബാറിലുണ്ടായിരുന്ന വാര്‍ത്താമാധ്യമങ്ങള്‍ പട്ടാളക്കാര്‍ നല്‍കിയ വിവരങ്ങള്‍ മാത്രം എടുത്തെഴുതിക്കൊണ്ട്‌ കള്ളവാര്‍ത്തകള്‍ ചമച്ചു സാമ്രാജ്യത്വ സര്‍ക്കാറിനോടുള്ള തങ്ങളുടെ വിധേയത്വം പ്രകടമാക്കി. ബ്രിട്ടീഷ്‌ ഉടമസ്ഥതയിലുണ്ടായിരുന്ന മദ്രാസ്‌ മെയില്‍ വസ്തുതയെ തലകീഴായാണു പിടിച്ചത്‌. എന്നാല്‍, മാപ്പിളമാരോടു വിവേചനങ്ങള്‍ കാണിക്കാതെത്തന്നെ ഹിന്ദു വാര്‍ത്തകളുടെ നിജസ്ഥിതി വ്യക്തമാക്കിയത്‌ നന്ദിപൂര്‍വം സ്മരിക്കപ്പെടേണ്ടതാണ്‌. അറസ്റ്റ്‌ ചെയ്തു ശിക്ഷവിധിക്കപ്പെട്ട 100ലധികം പേരെ ആന്ധ്രയിലെ ബെല്ലാരി സെന്‍ട്രല്‍ ജയിലിലേക്കു കോയമ്പത്തൂര്‍ വഴി കൊണ്ടുപോവാനാണു ചരക്കു ബോഗി ഉപയോഗിച്ചത്‌.

ശിക്ഷിക്കുന്നവരെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ ഏതിനത്തില്‍ പെട്ടതായാലും കുറ്റവാളികള്‍ രക്ഷപ്പെടാവുന്ന പഴുതുകളോ യാത്രയില്‍ അവര്‍ക്ക്‌ അപകടം പറ്റാവുന്ന യന്ത്രത്തകരാറുകളടക്കമുള്ള കുഴപ്പങ്ങളോ ഡി.എസ്‌.പി. തലത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ അനുവാദപത്രം നല്‍കണമെന്നായിരുന്നു പട്ടാളഭരണനിയമം. എന്നാല്‍, ഹിച്കോക്ക്‌ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പ്‌ വാഗണ്‍ സ്റ്റേഷന്‍ വിട്ടിരുന്നുവെന്നാണു സൂക്ഷ്മവിവരം. (അതൊരുപക്ഷേ, തന്ത്രപരമായ നീക്കവുമായിരിക്കണം- ലേഖകന്‍) സാമാനങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്ന കാറ്റു കടക്കാത്ത ഈ വാഗണില്‍ 50 പേര്‍ക്കു നില്‍ക്കാന്‍ ഇടമില്ലായിരുന്നു. അതിലാണു 100ലധികം പേരെ കുത്തിനിറച്ചത്‌. പോത്തന്നൂരില്‍ വച്ചു ബോഗി തുറന്ന്‌ ആ ദുരന്തദൃശ്യം കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ പോലും തലകറങ്ങിവീണു. ജീവന്‍ ബാക്കിയുള്ളവരെ ആശുപത്രിയിലാക്കിയ സ്റ്റേഷന്‍ മാസ്റ്റര്‍ ബോഗി തിരൂരിലേക്കു തിരിച്ചയച്ചു.

മലപ്പുറത്തെ കോണ്‍ഗ്രസ്‌-ഖിലാഫത്ത്‌ കമ്മിറ്റി ഖജാന്‍ജിയായിരുന്ന കൊന്നോല മൊയ്തീന്‍കുട്ടിയുടെ അനുജന്‍മാരായിരുന്ന യൂസുഫ്‌ ഹാജിയും അഹ്മദ്‌ ഹാജിയും ഈ മരണവാഗണില്‍ യാത്ര ചെയ്ത്‌ ആയുസ്സിന്റെ നീളം കൊണ്ടുമാത്രം രക്ഷപ്പെട്ടവരാണ്‌. ജ്യേഷ്ഠന്‍ കോണ്‍ഗ്രസ്‌-ഖിലാഫത്ത്‌ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു എന്നതു മാത്രമായിരുന്നു ഇവരെ അറസ്റ്റ്‌ ചെയ്യാനുണ്ടായ കാരണം.

അഹ്മദ്‌ ഹാജി വാഗണ്‍ ട്രാജഡി സ്മരണികയില്‍ ഇങ്ങനെ പറയുന്നു: "വാഗണിന്റെ അകത്തേക്കു തള്ളിക്കയറ്റിയവരുടെ കാലുകള്‍ നിലം സ്പര്‍ശിച്ചില്ല. ഒറ്റക്കാലിലും മേല്‍ക്കുമേലേ നിലംതൊടാതെയും ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. ശ്വാസംകിട്ടാതെ നിലവിളി തുടങ്ങി, സഹിക്കാനാവാത്ത ദാഹംമൂലം തൊണ്ടവരണ്ട ഞങ്ങളുടെ ശബ്ദം കുറഞ്ഞുതുടങ്ങി. വാഗണ്‍ ഭിത്തികളില്‍ ആഞ്ഞടിച്ചു. ആരു കേള്‍ക്കാന്‍... അപ്പോഴേക്കും പലരും കുഴഞ്ഞുവീഴാന്‍ തുടങ്ങിയിരുന്നു. മേല്‍ക്കുമേല്‍ വീണവര്‍ മലം വിസര്‍ജിച്ചും മൂത്രമൊഴിച്ചു കുടിച്ചും പരസ്പരം വിയര്‍പ്പുകണങ്ങള്‍ നക്കിയും പിന്നീടതു പരസ്പരമുള്ള കടിച്ചുപറിക്കലിലും മാന്തിപ്പറിക്കലിലും എത്തി. പൊട്ടിയൊലിക്കുന്ന രക്തംകുടിച്ച്‌ ഒടുവില്‍ അതു മരണത്തിലേക്കു നീങ്ങി. പോത്തന്നൂരില്‍ വാഗണ്‍ തുറന്നപ്പോള്‍ ഞങ്ങളില്‍ 64 പേര്‍ രക്തവും മൂത്രവും മലവും പുരണ്ടുകിടക്കുന്നതിനിടയില്‍ കണ്ണു തുറിച്ചും നാക്കു നീട്ടിയും മരണം പൂകിക്കഴിഞ്ഞിരുന്നു.6
60 മാപ്പിളമാരും നാലു തിയ്യരുമാണ്‌ ആദ്യം കൊല്ലപ്പെട്ടത്‌ (മരണപ്പെട്ടവരില്‍ നായര്‍വിഭാഗത്തില്‍പ്പെട്ട രണ്ടുപേരും ഉള്‍പ്പെട്ടിട്ടുണ്ട്‌.) 7
മരണത്തിനോ ബ്രിട്ടീഷ്‌ കിരാതര്‍ക്കോ ഒരു വിവേചനവും ഈ ഹതഭാഗ്യരോടുണ്ടായിരുന്നില്ല. എന്നാല്‍, ചരിത്രമെഴുതിയവര്‍ ഈ വിവേചനം വേണ്ടതിലധികം വച്ചുപുലര്‍ത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ആറുപേര്‍ പിന്നീടു മരണം പൂകി. മരണപ്പെട്ടവരില്‍ 41 പേരും പുലാമന്തോള്‍ പഞ്ചായത്തിലെ കുരുവമ്പലം, വളപുരം, ചെമ്മലശ്ശേരി ഗ്രാമങ്ങളില്‍ ഉള്ളവരായിരുന്നു. ഈ പ്രദേശങ്ങള്‍ കോണ്‍ഗ്രസ്‌-ഖിലാഫത്ത്‌ പ്രസ്ഥാനപ്രവര്‍ത്തനങ്ങളുള്ള തിരൂരങ്ങാടി, മലപ്പുറം, പൂക്കോട്ടൂര്‍, പാണ്ടിക്കാട്‌, പെരിന്തല്‍മണ്ണ പ്രദേശങ്ങളെപ്പോലെ മുന്‍നിരയില്‍ നിന്ന വള്ളുവനാടന്‍ പ്രദേശങ്ങളാണ്‌.

വാഗണ്‍ ദുരന്തത്തെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിശ്ചയിച്ചു. മണ്ണാര്‍ക്കാട്‌ കല്ലടി മൊയ്തുട്ടി സാഹിബ്‌ കമ്മിറ്റിയില്‍ അംഗമായിരുന്നു. അന്നു മൊയ്തുട്ടി സാഹിബ്‌ എഴുതിയ കുറിപ്പ്‌ ഖാന്‍ബഹദൂര്‍ ആമു സൂപ്രണ്ട്‌ മാറ്റിയെഴുതുകയും ആമു തയ്യാറാക്കിയ കുറിപ്പിനു താഴെ മൊയ്തുട്ടി സാഹിബിനെക്കൊണ്ട്‌ നിര്‍ബന്ധിച്ച്‌ ഒപ്പിടുവിക്കുകയും ചെയ്തിരുന്നതായി പറയപ്പെട്ടിരുന്നു. ഏതായാലും അന്വേഷണ റിപോര്‍ട്ട്‌ പ്രകാരം ഒരു ഉദ്യോഗസ്ഥനും വേണ്ടുംവണ്ണം ശിക്ഷിക്കപ്പെട്ടില്ല. വികാരജീവിയായിരുന്ന കലക്ടര്‍ ഇ.എഫ്‌. തോമസിനെ മാറ്റാന്‍ മദ്രാസ്‌ പ്രസിഡന്‍സി അഡ്മിനിസ്ട്രേഷന്‌ ഇതു പ്രേരകമായിരുന്നു എന്നു മാത്രം. 8

തുര്‍ക്കിയിലെ അവസാനത്തെ ഉസ്മാനിയാ ഖലീഫ അബ്ദുല്‍ഹമീദിനു ബ്രിട്ടീഷുകാരനില്‍ നിന്നു നേരിട്ട അപമാനങ്ങളും സ്ഥാനഭ്രംശവും 1921ല്‍ ലോകത്തിന്റെ പല ഭാഗത്തും പ്രതിഷേധത്തിന്റെ അലയൊലികള്‍ ഉയര്‍ത്തിയപ്പോള്‍ അതിനോടു ചേര്‍ന്നുനില്‍ക്കുകയായിരുന്നു മാപ്പിള മലബാറും. ബ്രിട്ടീഷിന്ത്യയില്‍ നിന്നു തിക്താനുഭവങ്ങള്‍ മാത്രം നേരിട്ട ഒരു സമൂഹം തങ്ങളുടെ ഖലീഫയ്ക്ക്‌ അവരില്‍നിന്നു സഹിക്കേണ്ടിവന്ന അപമാനങ്ങളോടു ക്ഷമിക്കാന്‍ ഒരു നിലയ്ക്കും തയ്യാറായിരുന്നില്ല. നേതൃത്വം, അനുയായികള്‍, സംഘബോധം എന്നിങ്ങനെയുള്ള വൈകാരികവും വൈചാരികവുമായ പശ്ചാത്തലങ്ങളുള്ള മുസ്ലിംസമൂഹമന ി‍നെ അടുത്തറിയുന്നതില്‍നിന്നും എന്നും അകന്നുനില്‍ക്കാന്‍ മാത്രം ശീലിച്ച ബ്രിട്ടീഷുകാരന്‍ ക്രൂരമായ പ്രതിലോമതകള്‍ കൊണ്ടാണ്‌ എന്നും എവിടെയും അവരെ നേരിട്ടത്‌. ഖിലാഫത്തിനോട്‌ അനുഭാവം പ്രകടിപ്പിച്ചു ലോകത്തെങ്ങും ഉയര്‍ന്നുകേട്ട വിപ്ലവാഹ്വാനത്തോടു പ്രതികരിച്ചുകൊണ്ട്‌ നിരക്ഷരരെന്നു നിരീക്ഷിക്കപ്പെടുകയും മുദ്രകുത്തപ്പെടുകയും ചെയ്ത ഒരു വിഭാഗം കലഹമുയര്‍ത്തിയപ്പോള്‍ ബ്രിട്ടീഷുകാര്‍ വീണ്ടും ആ കിരാതത്തത്തിന്റെ ഫണമണിഞ്ഞു.

ഏറനാട്ടിലെ പൂക്കോട്ടൂരില്‍ ഖിലാഫത്ത്‌ കമ്മിറ്റി സെക്രട്ടറിയെ ഒരു പിസ്റ്റള്‍ മോഷണം പോയതിനെ തുടര്‍ന്നുണ്ടായ കള്ളക്കേസില്‍ കുടുക്കിക്കൊണ്ട്‌ അറസ്റ്റ്‌ ചെയ്യാന്‍ വെള്ളപ്പോലിസ്‌ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങളുടെ തുടക്കമുണ്ടായത്‌. കള്ളക്കേസാണെന്നു തിരിച്ചറിഞ്ഞ 2000ത്തോളം വരുന്ന മാപ്പിളമാര്‍ ബ്രിട്ടീഷ്‌ പോലിസിന്റെ നടപടിയെ ചെറുത്തുനിന്നതിനാല്‍ അറസ്റ്റ്‌ തടയപ്പെട്ടു. പിറ്റേന്നു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥ മേധാവി ഹിച്കോക്കിന്റെ നടപടിയുണ്ടായി. പരിശുദ്ധമായ മമ്പുറം പള്ളി വളഞ്ഞ്‌ ഖിലാഫത്ത്‌ വളണ്ടിയര്‍മാരെ തിരഞ്ഞുപിടിക്കാനെന്ന വ്യാജേന പള്ളിക്കകത്തു കടന്ന പോലിസ്‌ ചില മതഗ്രന്ഥങ്ങള്‍ പിടിച്ചെടുക്കുകയും അവിടെയുണ്ടായിരുന്ന മിക്ക ആളുകളെയും കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. മമ്പുറം മഖാമും പള്ളിയും തകര്‍ക്കപ്പെട്ടുവെന്ന ഒരു ശ്രുതി പരന്നതിനെത്തുടര്‍ന്നു മലബാറിലാകെ കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തിരൂരങ്ങാടിയില്‍ തടിച്ചുകൂടിയ നൂറുകണക്കിനു ജനങ്ങള്‍ ലോക്കല്‍ പോലിസ്‌ സ്റ്റേഷന്‍ ആക്രമിച്ചു തകര്‍ക്കാന്‍ തുനിഞ്ഞതിനെ തുടര്‍ന്ന്‌ പോലിസ്‌ വെടിവയ്ക്കുകയും കൈയില്‍ കിട്ടിയ ആയുധങ്ങളുമായി ജനങ്ങള്‍ വീറോടെ പ്രതികരിക്കുകയും ചെയ്യുകയുണ്ടായി. തുടര്‍ന്നു കലാപങ്ങളും സമരങ്ങളും ഏറനാട്‌-വള്ളുവനാട്‌ താലൂക്കുകളിലും മലബാറില്‍ അങ്ങിങ്ങായും പടര്‍ന്നുപിടിച്ചു. അനുബന്ധമായി ബ്രിട്ടീഷ്‌ കിരാതവാഴ്ചയുടെ കൊടുംക്രിയകളും രംഗം വാണു.

വാഗണ്‍ ദുരന്തം അന്നത്തെ സംഭവപരമ്പരകളിലെ അവസാനത്തെ ഇനമായിരുന്നു. കലാപശ്രമങ്ങളില്‍ പങ്കുചേര്‍ന്നുവെന്ന്‌ ആരോപിക്കപ്പെട്ട്‌ ഏറനാട്‌-വള്ളുവനാട്‌ താലൂക്കുകളില്‍നിന്ന്‌ അറസ്റ്റിലാക്കപ്പെട്ടവരെ നീതിവിരുദ്ധവും മനുഷ്യാവകാശവിരുദ്ധവുമായ നടപടിയിലൂടെ വായുസുഷിരങ്ങള്‍ പോലും അടച്ചുമൂടപ്പെട്ട ഒരു ഗുഡ്സ്‌ വാഗണില്‍ കുത്തിനിറച്ചു കോയമ്പത്തൂര്‍-പോത്തന്നൂര്‍ വഴി ബെല്ലാരിയിലെ ജയിലുകളിലേക്ക്‌ അയക്കാന്‍ 1921 നവംബര്‍ 10ന്‌ ഹിച്കോക്ക്‌ ഉത്തരവിട്ടിരുന്നു. വണ്ടി പോത്തന്നൂരില്‍ എത്തിയപ്പോഴേക്കും ശ്വാസംകിട്ടാതെ പരസ്പരം മാന്തിയും കടിച്ചും ചങ്കും കരളും പൊട്ടി മിക്കവരും രക്തസാക്ഷികളായിരുന്നു. വണ്ടി കടന്നുപോയ റെയില്‍വേ ട്രാക്കിലും പരിസരങ്ങളിലും മരിച്ചു മണിക്കൂറുകള്‍ പിന്നിട്ട മൃതദേഹങ്ങളില്‍ നിന്നുല്‍സര്‍ജിച്ച വാട കെട്ടിനിന്നിരുന്നു. പോത്തന്നൂരിലും കോയമ്പത്തൂരിലും ശവങ്ങള്‍ ഇറക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാരില്‍ നിന്ന്‌ അനുമതി കിട്ടാത്തതിനാല്‍ വണ്ടി തിരിച്ചുവിടാന്‍ ഉത്തരവുണ്ടായി. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ദുര്‍ഗന്ധം അങ്ങേയറ്റം ദുസ്സഹമായിരുന്നു. താക്കോല്‍ ആരുടെ കൈയിലാണെന്നറിയാതെ അടച്ചുപൂട്ടിയ ആ വാഗണ്‍ ഷട്ടര്‍ തിരൂരിലെ ഉദ്യോഗസ്ഥര്‍ അടിച്ചുതുറന്നപ്പോഴേക്കും എല്ലാവരും അനക്കമറ്റ നിലയിലായിരുന്നു. എങ്കിലും 70 പേരില്‍ 64 പേരാണ്‌ അന്നു വധിക്കപ്പെട്ടത്‌. ബാക്കിയുള്ളവരില്‍ ആരോഗ്യം അവശേഷിച്ചവരെ വീണ്ടും ബെല്ലാരിയിലേക്കയച്ചു. വണ്ടിയില്‍ അല്‍പ്പം ജീവനോടെ കിടന്നിരുന്ന ചിലരില്‍ ആറുപേര്‍ (8 എന്നും പറയപ്പെടുന്നുണ്ട്‌) ഉടന്‍ രക്തസാക്ഷികളായി. ചിലര്‍ കടുത്ത അനാരോഗ്യത്തിലായിക്കൊണ്ടാണെങ്കിലും ദുരന്തത്തിന്റെ ചരിത്രം പകര്‍ത്തിവയ്ക്കാന്‍ അല്‍പ്പകാലത്തേക്കു മാത്രം അവശേഷിച്ചു. 1921 നവംബര്‍ 19നും 20നുമായിട്ടാണ്‌ ഈ സംഭവം അരങ്ങേറിയത്‌. രക്തസാക്ഷികളുടെ ഖബറുകള്‍ തിരൂര്‍ കോരങ്ങത്ത്‌ പള്ളി ഖബര്‍സ്ഥാനിലാണുള്ളത്‌.

വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷികളായവരെ ആദരിച്ചും അനുസ്മരിച്ചുംകൊണ്ട്‌ തിരൂര്‍ നഗരസഭ കൊല്ലപ്പെട്ട 70 പേരുടെ നാമത്തില്‍ 'വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൌണ്‍ഹാള്‍' പണിതിട്ടുണ്ട്‌. 1987 ഏപ്രില്‍ ആറിനാണ്‌ അന്നത്തെ തദ്ദേശ സ്വയംഭരണ വി.ജെ. തങ്കപ്പന്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌. അതില്‍ 1993 മാര്‍ച്ച്‌ 20ന്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയും സ്ഥലം എം.എല്‍.എയുമായിരുന്ന ഇ.ടി. മുഹമ്മദ്‌ ബഷീര്‍ രക്തസാക്ഷികളുടെ പേരുവിവരപ്പട്ടിക അനാവരണം ചെയ്തിട്ടുണ്ട്‌.

കേരള ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വാഗണ്‍ ദുരന്തത്തെക്കുറിച്ച്‌ ഒരു ലഘുകുറിപ്പ്‌ കൊടുത്തിട്ടുണ്ട്‌. തീരെ അപ്രസക്തമാണെങ്കിലും, വിസ്മരിക്കപ്പെട്ട ഒരു അധ്യായമാണു വാഗണ്‍ സംഭവത്തിന്റേതെന്ന്‌ അതു തുറന്നുസമ്മതിക്കുന്നുണ്ട്‌. കേരളത്തില്‍ വിരചിതമായ ചരിത്രരേഖകളിലെല്ലാം വളരെ കുറഞ്ഞ സ്ഥാനമേ ഇതിനു ലഭിച്ചിട്ടുള്ളൂ. അതേസമയം താരാചന്ദ്‌, മുശീറുല്‍ ഹസന്‍, യാഖൂബ്‌ ഹസന്‍ എന്നിവരും യംഗ്‌ഇന്ത്യയുടെ ചില ലക്കങ്ങളും അതിന്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. പ്രഫഷനല്‍ ചരിത്രരചനയുടെ കാപട്യങ്ങളും ജാടകളും ഇല്ലാതെ തന്നെ എ.കെ. കോഡൂര്‍ എന്ന മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകന്‍ തന്റെ സ്വന്തം കൃതിയില്‍ ഈ സംഭവത്തെക്കുറിച്ച്‌ നല്ലൊരു അധ്യായം അനുവദിച്ചിട്ടുണ്ട്‌. വാഗണ്‍ ദുരന്തത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പകയും വിദ്വേഷവും സംബന്ധിച്ച ചില പഠനരേഖകള്‍ അക്കാലത്തുതന്നെ ലണ്ടനിലെ ബ്രിട്ടീഷ്‌ ഇന്ത്യാ അഡ്മിനിസ്ട്രേഷന്‍ റൂമില്‍ നിന്ന്‌
കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാവുമെന്നു ഭയപ്പെട്ട്‌ ആരോ എടുത്തുമാറ്റിയിരുന്നു. അങ്ങനെ അപ്രത്യക്ഷമായതാണു ജാലിയന്‍ വാലാബാഗ്‌ സംഭവത്തിന്റെ പഠനരേഖകളും. എന്നാല്‍, ഇപ്പോള്‍ അവ രണ്ടും ലണ്ടനിലെ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ ലഭ്യമാണെന്നും പറയപ്പെടുന്നുണ്ട്‌.

1.ജീവിച്ചിരിക്കുന്ന സ്വാതന്ത്യ്രസമരസേനാനി പുലാമന്തോള്‍ മലവട്ടത്ത്‌ മുഹമ്മദ്‌ ഹാജിയുടെ സ്മരണകളില്‍ നിന്ന്‌ പകര്‍ത്തിയെഴുതുന്നത്‌.
2. മദ്രാസ്‌ പ്രസിഡന്‍സി അഡ്മിനിസ്ട്രേഷന്‍ റിപോര്‍ട്ട്‌, 1921-22, പേജ്‌ 887.
3. സൌമ്യേന്ദ്രനാഥ്‌ ടാഗോര്‍, 1921: മലബാറിലെ കര്‍ഷകലഹള, ഇംപ്രിന്റ്‌ ബുക്സ്‌.
4. ഡോ. എസ്‌.എം. മുഹമ്മദ്കോയ, ബോധനം ത്രൈമാസിക, 96 ഡിസംബര്‍, ലക്കം 3, വാള്യം 2.
5. മലബാര്‍ സമരം, എം.പി. നാരായണ മേനോനും സഹപ്രവര്‍ത്തകരും, സമ്പാ. ഡോ. എം.പി.എസ്‌ മേനോന്‍, ഐ.പി.എച്ച്‌, കോഴിക്കോട്‌, പേജ്‌ 146.
6. വാഗണ്‍ ട്രാജഡി സ്മരണിക, പേജ്‌ 7.
7. ലേഖകന്‍.
8. എ.കെ. കോഡൂര്‍, ആംഗ്ലോ-മാപ്പിള യുദ്ധം, പേജ്‌ 186-188.
9. തിരൂര്‍ മുന്‍സിപ്പല്‍ ടൌണ്‍ഹാളിലെ നെയിം ഷോകേസ്‌.
10.10. G.O.No: 290, April 1st 1922, Public department. Govt of Madras
സലാഹുദ്ദീന്‍ അയ്യൂബി

3 comments:

അഹ്‌മദ്‌ N ഇബ്രാഹീം said...

ആത്‌മാഭിമാനം പണയപ്പെടുത്താത്ത നമ്മുടെ മുന്‍ഗാമികളെ ഓര്‍ത്തു സന്തോഷം തോന്നുന്നു. തീര്‍ച്ചയായും അവര്‍ കൊടുത്ത രക്തത്തിന്റെ വിലയാണ്‌ നാമനുഭവിക്കുന്ന സ്വാതന്ത്ര്യം.നവ ഫാസിസത്തിന്റെ കുഴലൂത്തുക്കാര്‍ കണ്ണടക്കാന്‍ ശ്രമിച്ചാലും ചരിത്രത്തിന്റെ തങ്ക ലിപികളില്‍ ആലേഘനം ചെയ്യപ്പെട്ട അവരുടെ ചരിത്രം നമ്മെ കര്‍മോല്‍സുകരക്കട്ടെ, സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാക്കട്ടെ.... നല്ല പോസ്റ്റിന്‌ സകലഭാവുകങ്ങളും...

safarulla mannil said...

I proud of our for fathers sacrificed their life to nation

safarulla mannil said...

Thanks for all worked behind this wall

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal