ചരിത്രത്തില്‍ ഇടം കിട്ടാതെ കുരുവമ്പലം

പുലാമന്തോള്‍: സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രങ്ങളില്‍ തുല്യതയില്ലാത്ത ക്രൂരതകളുടെ നീറുന്ന ഓര്‍മകളുമായി വീണ്ടും ഒരു നവംബര്‍ 20. 87 വര്‍ഷങ്ങള്‍ക്കപ്പുറം ഇതുപോലൊരു ദിവസമാണ്‌ കുരുവമ്പലത്തും പരിസരത്തുമുള്ള 41 ഓളം മാപ്പിളഭടന്‍മാര്‍ അടച്ചുപൂട്ടിയ റെയില്‍വേ ചരക്കുവാഗണില്‍ ജീവവായു ലഭിക്കാതെ പിടഞ്ഞു മരിച്ചത.്‌

1921 നവംബര്‍ 19ന്‌ ബ്രിട്ടീഷ്‌ പട്ടാളം തിരൂരില്‍ നിന്നു കോയമ്പത്തൂര്‍ ജയിലില്‍ അടയ്ക്കാന്‍ കൊണ്ടുപോയ മാപ്പിളമാരില്‍ പകുതിയിലേറെ പേര്‍ കുരുവമ്പലം, പുലാമന്തോള്‍, വളപുരം, ചെമ്മലശ്ശേരി ഭാഗത്തുള്ളവരായിരുന്നു. ഇതില്‍ 36 പേരും കുരുവമ്പലം വില്ലേജിലുള്ളവരാണ്‌.
റെയില്‍വേയുടെ ചരക്കുവാഗണില്‍ കുത്തിനിറച്ച്‌ സമരക്കാരില്‍ 70 പേര്‍ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടവരില്‍ രണ്ടുപേര്‍ കുരുവമ്പലം വാസികളുമായിരുന്നു. വാഴയില്‍ കുഞ്ഞയമുവും കാളിയറോഡില്‍ കോയക്കുട്ടി തങ്ങളും. ഇന്ന്‌ അവരുടെ മക്കള്‍മാത്രമാണ്‌ ഓര്‍മകള്‍ പങ്കിടാനുള്ളത്‌.

വളപുരം കല്ലേതൊടി കുഞ്ഞുണ്ണീന്‍ മുസ്്ല്യാരെ അറസ്റ്റ്്‌ ചെയ്തു പെരിന്തല്‍മണ്ണ സബ്ജയിലില്‍ അടച്ചതിനെതുടര്‍ന്നുണ്ടായ സംഭവങ്ങളാണ്‌ വാഗണ്‍ ദുരന്തം വരെ എത്തിച്ചതെന്നാണ്‌ നിഗമനം. കുഞ്ഞുണ്ണീന്‍ മുസ്്ല്യാരെ പോലിസ്‌ പിടിച്ചതോടെ നാട്ടുകാര്‍ പെരിന്തല്‍മണ്ണയില്‍ തടിച്ചുകൂടി. പ്രതിഷേധം ശക്തമായതോടെ മുസ്്ല്യാരെ വിട്ടയച്ചെങ്കിലും അവിടെയുണ്ടായിരുന്നവരെ ഒന്നടങ്കം ബ്രിട്ടീഷ്‌ പട്ടാളം അറസ്റ്റ്‌ ചെയ്തു തിരൂരിലേക്കു കൊണ്ടുപോവുകയായിരുന്നു. അതേസമയം മതപഠനത്തിന്‌ പൊന്നാനിയിലേക്ക്‌ പുറപ്പെട്ട വിദ്യാര്‍ഥികളെ ലഹളക്കാരെന്നു മുദ്രകുത്തി പിടിച്ചുകൊണ്ടുപോയതാണെന്നും ചില പഴമക്കാര്‍ അഭിപ്രായപ്പെടുന്നു.

മലബാര്‍ സമരവും വാഗണ്‍ ദുരന്തവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴൊക്കെ ദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ അര്‍പ്പിക്കേണ്ടിവന്ന കുരുവമ്പലം ഗ്രാമത്തെ വേണ്ടത്ര ഓര്‍മിക്കപ്പെടാതെ പോയി. ജില്ലാപഞ്ചായത്തിന്റെയും നാട്ടുകാരുടേയും ശ്രമഫലമായി കുരുവമ്പലത്ത്‌ വാഗണ്‍ട്രാജഡി മന്ദിരം പടുത്തുയര്‍ത്താന്‍ സാധിച്ചതാണ്‌ ഏക ആശ്വാസം. ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ പിന്‍തലമുറക്കാര്‍ ഇന്നു ഒത്തുചേരും. സ്മാരക പരിസരത്ത്‌ നടക്കുന്ന അനുസ്മരണ സമ്മേളനം കൊളത്തൂര്‍ ടി മുഹമ്മദ്‌ മൌലവി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത്‌ സ്ഥിരസമിതി ചെയര്‍മാന്‍ സലീം കൂരുവമ്പലം അധ്യക്ഷതവഹിക്കും. സി ഹംസ മേലാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തും.

പി ടി എ റസാഖ്‌
തേജസ്‌ ദിനപത്രം

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal