വാഗണ്‍ട്രാജഡിക്ക് ഇന്ന് 89 വയസ്സ്‌


തിരൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായമായ വാഗണ്‍ ട്രാജഡിക്ക് ശനിയാഴ്ച 89 വയസ്സ്. നാടിനുവേണ്ടിയുള്ള സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ വര്‍ഷമാണ് 1921.

ബ്രിട്ടീഷ് ഭരണത്തിന് അനഭിമതരായവരെയും എതിരായി ശബ്ദമുയര്‍ത്തുന്നവരെയും വിവിധ ദിക്കുകളിലേക്ക് നാടുകടത്തല്‍ പതിവായിരുന്നു. നിരവധിപേരെ അന്തമാനിലേക്കും കോയമ്പത്തൂരിലേക്കുമൊക്കെയായി നാടുകടത്തി.
കേണല്‍ ഹംഫ്രിബ്, സ്‌പെഷല്‍ ഓഫീസര്‍ ഇവാന്‍സ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് എന്നിവരായിരുന്നു നാടുകടത്തലിന് നേതൃത്വം നല്‍കിയിരുന്നത്. ഇപ്രകാരമുള്ള നാടുകടത്തലാണ് വാഗണ്‍ ട്രാജഡിയില്‍ അവസാനിച്ചത്.

ബ്രിട്ടീഷുകാര്‍ക്ക് അനഭിമതരായ 90 പേര്‍. ഇവരെ തടവിലാക്കി 1921 നവംബര്‍ 20ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവന്നു. സ്റ്റേഷനിലെത്തിയ എം.എസ്.എല്‍.വി 1711 നമ്പര്‍ വാഗണില്‍ ഇവരെ കുത്തിനിറച്ച് വാതില്‍ കൊട്ടിയടച്ച് പോത്തനൂരിലേക്ക് അയച്ചു.
കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു വാഗണിനുള്ളില്‍. ശ്വാസം കഴിക്കാന്‍ പോലുമാകാത്ത ദുരിതാവസ്ഥ. വാഗണിനുള്ളില്‍ കുത്തിനിറച്ച 90 പേരും പ്രാണവായുവിനായി പരതി.

തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തിയപ്പോഴേക്കും പലരും മരിച്ചിരുന്നു. പലരും ജീവഛവങ്ങളും. ട്രെയിന്‍ വാതില്‍ തുറന്ന് നോക്കിയ സ്റ്റേഷന്‍ അധികൃതര്‍ വണ്ടി തിരൂരിലേക്കുതന്നെ തിരിച്ചയച്ചു. പ്രാണനറ്റ 72 മൃതദേഹങ്ങള്‍. തിരൂരില്‍ ഈ കാഴ്ച കണ്ട പലരും ബോധരഹിതരായി വീണു.

ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടതുകാരണം നാട്ടുകാരാണ് മൃതശരീരങ്ങള്‍ പുറത്തെടുത്ത് സംസ്‌കരിച്ചത്. മൃതദേഹങ്ങള്‍ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും കോട്ട് മസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി. ചിലരെ പൊതുശ്മശാനത്തിലും മറവ്‌ചെയ്തു.
രക്തസാക്ഷിത്വം വരിച്ചവരില്‍ വിവിധ നാട്ടുകാര്‍ ഉണ്ടായിരുന്നു. തൃക്കലങ്ങോട്, മമ്പാട്, കുരുവമ്പലം, പേരൂര്‍, പയ്യനാട്, പുന്നപ്പാല, നീലാമ്പ്ര, ചെമ്മലശ്ശേരി തുടങ്ങിയ പ്രദേശത്തുകാരായിരുന്നു കൂടുതല്‍.

വാഗണ്‍ദുരന്തം സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചുവെങ്കിലും വെറും പ്രഹസനമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തെ സംരക്ഷിക്കുന്നതിന് മാത്രമായി അന്വേഷണം ഒതുങ്ങി.

ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ കൊടും ക്രൂരതയുടെ അവശേഷിപ്പുകള്‍ ഇന്നും തിരൂരിന്റെ മനസ്സിലുണ്ട്.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉണങ്ങാത്ത മുറിവായി അത് അവശേഷിക്കുന്നു. രക്തസാക്ഷികളുടെ സ്മാരകമായി നഗരസഭ നിര്‍മിച്ച വാഗണ്‍ട്രാജഡി സ്മാരക ടൗണ്‍ഹാള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു നാടിന്റെയും ജനതയുടെയും മേല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ തേരോട്ടത്തിന്റെ
ദുരന്തസ്മരണകളുമായി.

News: Mathrubhumi

2 comments:

Anonymous said...

avark vendy namukorumichu prarthikkaam

Anonymous said...

rakthasakshikalkku abhivadhyangal

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal