വാഗണ്‍ ദുരന്തം പ്രമേയമാക്കിയ ആദ്യ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു

തിരൂര്‍: സ്വാതന്ത്ര്യ സമരത്തില്‍ മാപ്പിള പോരാളികള്‍ കാണിച്ച ചങ്കൂറ്റവും പോരാട്ട വീര്യവും പുതുതലമുറയിലേക്കു പകര്‍ന്നു നല്‍കുന്നതിനും ചരിത്രത്തിന്റെ ശരിയായ വസ്തുതകള്‍ അവതരിപ്പിക്കുന്നതിനും വേണ്ടി 1921 നവംബര്‍ 20ന്‌ നടന്ന വാഗണ്‍ ദുരന്തത്തെ ആസ്പദമാക്കി ഹസീം ചെമ്പ്ര തയ്യാറാക്കിയ വാഗണ്‍ നം.LV 1711 (1921) എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. വാഗണ്‍ ദുരന്തത്തില്‍ വീരമൃത്യു വരിച്ച പിതാമഹന്റെ ഖബറിടം അന്വേഷിച്ച്‌ തിരൂരില്‍ എത്തുന്ന പുതുതലുറയിലെ വിദ്യാര്‍ഥിക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ ഈ ചിത്രത്തില്‍ വിവരിക്കുന്നുണ്ട്‌.

വക്രീകരിക്കപ്പെട്ട ചരിത്രത്തെ വസ്തുതാപരമായി ചര്‍ച്ച ചെയ്യപ്പെടണം എന്ന സന്ദേശം ചിത്രം നല്‍കുന്നു. പഴയകാലത്തെ മാപ്പിള സംസ്കാരവും പുതുതലമുറയുടെ സംസ്കാരവും തമ്മിലുള്ള അന്തരം ചിത്രം വരച്ചു കാട്ടുന്നുണ്ട്‌. പുതുതലമുറയുടെ സാമൂഹികാവബോധവും പ്രതിബദ്ധതയും കണ്‍മുന്നിലുള്ള ചരിത്ര സത്യങ്ങളോടുള്ള സമീപനങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയുടെ പേര്‌ ദുരന്തം നടന്ന വാഗണിന്റേതാണ്‌.

വാഗണ്‍ ദുരന്തം പ്രമേയമാക്കിയ ആദ്യഹ്രസ്വ ചിത്രവുമാണിത്‌. തിരൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഹ്രസ്വചിത്രത്തിലെ നായകനായി വേഷമിട്ടിരിക്കുന്നത്‌ തിരുവനന്തപുരം അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ച സക്കറിയ എടയൂരാണ്‌. വി കെ എം ഷാഫിയാണു നിര്‍മാണ സഹായം. വി ഉമേഷ്‌ കാമറയും നിര്‍വഹിച്ചിരിക്കുന്നു. എം നൌഷാദ്‌ മുഹമ്മദ്‌ വിളയില്‍, നസറുല്ല വാഴക്കാട്‌, നിയാസ്‌ വരമ്പനാല എന്നിവരാണ്‌ അണിയറപ്രവര്‍ത്തകര്‍.

വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാസ്‌ കമ്മ്യൂണിക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും തിരൂര്‍ ചെമ്പ്ര സ്വദേശിയുമായ ഹസീം ചെമ്പ്രയാണ്‌ ഹ്രസ്വചിത്രത്തിന്റെ കഥ, തിരക്കഥ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ചും ആദിവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഔട്ട്‌ ഓഫ്‌ കവറേജ്‌ എന്ന ഹ്രസ്വ ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്‌.

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal