വാഗണ്‍ ട്രാജഡിക്ക് തീയില്‍ തീര്‍ത്ത ഓര്‍മ

മലപ്പുറം: വാഗണ്‍ ട്രാജഡിക്ക് 90 ആണ്ട് തികഞ്ഞ പശ്ചാത്തലത്തില്‍ ഷാജഹാന്‍ മമ്പാടിന്‍െറ തീയില്‍ തീര്‍ത്ത രംഗാവിഷ്കാരം. മലപ്പുറം കോട്ടക്കുന്ന് ഓപണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിനാണ് ഷാജഹാനും ഇരുപതംഗ സംഘവും മാപ്പിളപ്പോരാളികളുടെ ഓര്‍മ മാജിക്കിലൂടെ പകര്‍ത്തിയത്.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ വേദനാജനകമായ വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷികളായവരെ ഓര്‍ക്കുകയാണ് വാഗണ്‍ ട്രാജഡി ഇല്യൂഷന്‍ എന്ന പരിപാടിയിലൂടെ ഷാജഹാനും സംഘവും ചെയ്തത്. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ ജനസാഗരം ഓപണ്‍ ഓഡിറ്റോറിയത്തിലേക്ക് ഒഴുകി.
പൊലീസും ഫയര്‍ഫോഴ്സും സജ്ജരായി രംഗത്തുണ്ടായിരുന്നു. മാജിക് ബുക്കിന്‍െറ താളുകള്‍ മറിച്ചാണ് ഷാജഹാന്‍ വാഗണ്‍ ട്രാജഡി ഇല്യൂഷന് തുടക്കമിട്ടത്. കോട്ടക്കുന്നിലെ കുന്നിന്‍ചെരിവില്‍ വെടിയേറ്റ് വീണ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും കെ. കേളപ്പനും പേജുകളില്‍ നിറഞ്ഞുനിന്നു.
മന്ത്രി എ.പി. അനില്‍കുമാറിനെയും പി. ഉബൈദുല്ല എം.എല്‍.എയെയും സാക്ഷിയാക്കിയാണ് ഫയര്‍ എസ്കേപ്പിങ് തുടങ്ങിയത്. ദുരന്ത തീവണ്ടിയായ എല്‍.വി. 1711 വേദിയിലെത്തിച്ചു. ഹിച്ച്കോക്കുള്‍പ്പെടെയുള്ള ബ്രിട്ടീഷ് ഓഫിസര്‍മാരുടെ പ്രച്ഛന്നവേഷങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. ഷാജഹാനെയും നാലു പേരെയും മന്ത്രിയെ സാക്ഷിയാക്കി പി. ഉബൈദുല്ല ബന്ധിച്ചു. ഷാജഹാനെ മരപ്പെട്ടിയിലാക്കിയും മറ്റുള്ളവരെ ബന്ധിച്ചും ഇരുമ്പുകൂട്ടില്‍ അടച്ചു. അപ്പോഴേക്കും വാഗണ്‍ വേദിയിലെത്തി. ഇവരെ ക്രെയിനുപയോഗിച്ച് വാഗണിലടച്ചു. ചുറ്റും വൈക്കോല്‍ വിതറി.
മണ്ണെണ്ണ ഒഴിച്ചും മാലപ്പടക്കം വിതറിയും ഫയര്‍ എസ്കേപ്പിന് തുടക്കം കുറിക്കുമ്പോഴേക്കും ഫയര്‍ഫോഴ്സ് ജാഗരൂകമായി. തുടര്‍ന്ന് പ്രതീക ബ്രിട്ടീഷ് ഓഫിസര്‍മാര്‍ തീ കൊളുത്തിയതോടെ ആളിപ്പടര്‍ന്നു. കാണികള്‍ ശ്വാസമടക്കി നില്‍ക്കേ കുറച്ചകലെ ഷാജഹാന്‍ പ്രത്യക്ഷപ്പെട്ടു. ഷാജഹാനെ ഉയര്‍ത്തിയും ആലിംഗനം ചെയ്തും കാണികള്‍ ഉത്സാഹത്തിമിര്‍പ്പിലായി.
മന്ത്രി അനില്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് മുസ്തഫ, സി.എച്ച്. ജമീല, കെ.എം. ഗിരിജ, കെ.എം. ഫസല്‍ എന്നിവര്‍ സംസാരിച്ചു.

News &Photo @ Madhyamam Online

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal