വാഗണ്‍ ട്രാജഡിക്ക് മാന്ത്രിക പുനരാവിഷ്‌കാരം

മമ്പാട്: 90 കൊല്ലം മുമ്പ് നടന്ന ദുരന്ത സ്മരണകള്‍ക്ക് പുനരാവിഷ്‌കാരം നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ . തിരൂര്‍ വാഗണ്‍ ട്രാജഡിയുടെ നാടകീയ ചിത്രീകരണമാണ് മലബാര്‍ മാന്ത്രികത്തിന്റെ കീഴില്‍ ഒരുങ്ങുന്നത്. വെള്ളപ്പട്ടാളക്കാരുടെ ക്രൂരതകള്‍ വെള്ളിത്തിരയിലെന്നപോലെ ജനസമക്ഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട് മാസങ്ങളായി.മാന്ത്രികന്‍ ഷാജഹാന്റെ മമ്പാട് കോളേജിനടുത്ത തറവാട് വീട്ടുമുറ്റത്ത് ഇപ്പോള്‍ തിരക്കേറെയാണ്. ചരിത്രസ്മരണകളുടെ പുനരാവിഷ്‌കരണ ചിന്തകളാണിവിടെ എവിടെയും.

ഷാജഹാന്റെ നേതൃത്വത്തില്‍ 15 പേരാണ് പരിപാടിക്കായി തയ്യാറെടുപ്പ് നടത്തുന്നത്. ദുരന്ത വണ്ടിയായ എം.എസ്.എല്‍.വി. 1711 ഗുഡ്‌സ് വാഗണിന്റെ പ്രതിരൂപം ഈ വീട്ടുമുറ്റത്ത് തയ്യാറായിക്കഴിഞ്ഞു. ഒമ്പതടി നീളവും മൂന്നടി വീതിയുമുള്ള ഏക ബോഗിയുള്ള തീവണ്ടിയാണിത്. കര്‍ണാടകയിലെ ബെല്ലാരി ജയിലിലേക്ക് മലബാറിലെ കുറ്റവാളികള്‍ എന്ന പേരില്‍ കടത്തിയവരാണ് തീവണ്ടിയില്‍ ശ്വാസംമുട്ടി മരിച്ചത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി മലബാര്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്വേഷണങ്ങളിലൂടെയും പഠനത്തിലൂടെയും ചിട്ടപ്പെടുത്തിയതാണെന്ന് ഷാജഹാന്‍ പറഞ്ഞു. ക്രൂരത കാട്ടിയ പട്ടാളക്കാരന്‍ ഹിച്ച്‌കോക്കിന്റെ വേഷമിടുന്നത് കെ.എം. എടവണ്ണയാണ്. കുഞ്ഞുമാന്ത്രികനായി 10 വയസ്സുകാരന്‍ ഗുരുപ്രസാദ് തിരുവാലിയും വേഷമിടുന്നു.

ഇരുമ്പുകൂട്ടില്‍ തളച്ച പ്രതിരൂപങ്ങളെ ആദ്യം പ്രത്യക്ഷപ്പെടുത്തും. വാഗണ്‍ട്രാജഡി ദുരന്തത്തില്‍ ഇരയായവരുടെ പ്രതീകങ്ങളായ നാലുപേരെക്കൂടാതെ മാന്ത്രികന്‍ ഷാജഹാനും തീവണ്ടിയിലുണ്ടാകും.അതേസമയം ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായി തീവണ്ടി പെട്രോള്‍ ഒഴിച്ചുകത്തിക്കുന്ന രംഗമാണ് പിന്നീട് നടത്തുകയെന്നും ഇവര്‍ പറയുന്നു. 20ന് വൈകീട്ട് ആറിന് മലപ്പുറം കോട്ടക്കുന്നിലാണ് പരിപാടി നടത്തുക. മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. മന്ത്രി എം.കെ. മുനീര്‍ മുഖ്യാതിഥിയാകും.


Posted on: 03 Nov 2011
ബി.ഷാജഹാന്‍
Mathrubhumi News

1 comments:

Anonymous said...

മുഖ്യാതിഥി കൊള്ളാം.......

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal