വാഗണ്‍ ട്രാജഡിക്ക് 91 വയസ്സ്തിരൂര്‍: സ്വാതന്ത്ര്യസമരപോരാട്ട വീഥിയിലെ ഇരുണ്ട ഓര്‍മയായ വാഗണ്‍ ട്രാജഡിക്ക് 91 വയസ്സ്, വാഗണ്‍ട്രാജഡി ഇന്നും ഈറനണിയിക്കുന്ന സ്മരണയാണ്. മലബാര്‍ കലാപത്തിന്റെ ബാക്കിപത്രമായ വാഗണ്‍ട്രാജഡിക്ക് വേദിയായത് തിരൂരായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നിലകൊണ്ടതിന് പക തീര്‍ക്കാന്‍ വെള്ളക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്നു. അവര്‍ ദേശസ്‌നേഹകളെ പിടികൂടി നാട് കടത്തുക പതിവാക്കി. നിരവധി പേരെ അന്തമാനിലേക്കും കോയമ്പത്തൂരിലേക്കുമൊക്കെയായി നാട് കടത്തി. ഇപ്രകാരം നാട് കടത്താന്‍ ആസൂത്രിതമായി നടത്തിയ ഹീനകൃത്യമാണ് വാഗണ്‍ട്രാജഡി.

കരളലിയിപ്പിക്കുന്നതായിരുന്നു അത്. വെള്ളക്കാരുടെ ഉറക്കം കെടുത്തിയ പോരാളികളെ പിടികൂടി പാര്‍സലാക്കുന്ന രീതിക്ക് കേണല്‍ ഹംഫ്രിബ്, സ്പ്യഷല്‍ ഓഫീസര്‍ ഇവാന്‍സ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് എന്നിവരായിരുന്നു നേതൃത്വം വഹിച്ചത്. വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം പേരെ നാട് കടത്തിയിരുന്നു. നവമ്പര്‍ 20ലെ നാട് കടത്തല്‍ കൂട്ടമരണമായിരിക്കണമെന്ന് ബ്രിട്ടീഷ് മേധാവികള്‍ നേരത്തെ നിശ്ചയിച്ചു.

പിറന്നനാടിന് വേണ്ടി സമരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ ധീരദേശാഭിമാനികളെ തടവുകാരാക്കി 1921-നവംബര്‍ 20ന് തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ കൊണ്ട് വന്ന എംഎസ്എല്‍വി 1711-നമ്പര്‍ വാഗണില്‍ കുത്തിനിറച്ച് വാതില്‍ കൊട്ടിയടച്ച് പോത്തന്നൂരുലേക്ക് കയറ്റിവിട്ടു. ശ്വാസം വലിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ 90 പേരെ തള്ളിക്കയറ്റി ഗുഡ്‌സ് ട്രെയിന്‍ മരണകാഹളമോതി പാഞു. വാഗണിലെ അവസ്ഥ അതിദയനീയമായിരുന്നു. പ്രാണവായുവിന് വേണ്ടി ദ്വാരങ്ങള്‍ പരതുന്ന മനുഷ്യരായിരുന്നു വണ്ടിയില്‍. തമിഴ്‌നാട്ടിലെ പോത്തന്നൂരില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ജീവനുള്ളവരേക്കാള്‍ പതിന്‍മടങ്ങ് മരണപ്പെട്ടവരായിരുന്നു.

ട്രെയിന്‍ വാതില്‍ തുറന്ന് നോക്കിയ സ്റ്റേഷന്‍ അധികൃതര്‍ മരിച്ചവരെ അവിടെ സ്വീകരിക്കാതെ തിരൂരിലേക്ക് തന്നെ തിരിച്ചയച്ചു. തിരൂരില്‍ തുറന്ന് നോക്കുമ്പോള്‍ ശവക്കൂമ്പാരമായിരുന്നു. 72 ജീവനുകള്‍ ചലനമറ്റു. വാഗണില്‍ രംഗം കണ്ട പലരും ബോധരഹിതരായി. നാട്ടുകരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടിരുന്നു. രകതസാക്ഷിത്വം വരിച്ചവരുടെ മൃതശരീരങ്ങള്‍ പ്രസിദ്ധമായ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും കോട്ട് മസ്ജിദ് ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്. ഹൈന്ദവ യോദ്ധാക്കളെ പൊതുശ്മശാനത്തിലും മറവ് ചെയ്തു.

കുരുവമ്പലം, മമ്പാട്, തൃക്കലങ്ങോട്, പയ്യനാട്, പേരൂര്‍, പുന്നപ്പാല, നീലാമ്പ്ര, ചെമ്മലശ്ശേരി എന്നിവിടങ്ങളിലുള്ളവരുണ്ടായിരുന്നു. കുരുവമ്പലം ദേശത്തുള്ളവരാണ് മരിച്ചവരിലേറെ.
ക്രൂരത സംബന്ധിച് അന്വേഷണ കമ്മീഷനെ നിയമിച്ചുവെങ്കിലും പ്രഹസനമായിരുന്നു. വെള്ളക്കാരെ രക്ഷിക്കാന്‍ മാത്രമായി അന്വേഷണം ഒതുങ്ങി.

ബ്രട്ടീഷ് പൈശാചികതയുടെ കരാളഹസ്തങ്ങള്‍ വരിഞ്ഞ് മുറുക്കിയ വാഗണ്‍ട്രാജഡി സ്മരണ തിരൂരിന്റെ മനസ്സില്‍ ഇന്നും വിറങ്ങലിച്ച് നില്‍ക്കുന്നു. രക്തസാക്ഷികളുടെ സ്മാരകമായി നഗരസഭ നിരമിച്ച ടൗണ്‍ഹാള്‍ വാഗണ്‍ട്രാജഡി വിശദമാക്കുന്നു. രക്തസാക്ഷികളുടെ പേര് വിവരങ്ങള്‍ ടൗണ്‍ഹാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

News @ Chandrika
19.11.2012

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal