വാഗണ്‍ ട്രാജഡിക്ക് 92 വയസ്സ്,

എം.എസ്.എല്‍.വി. 1711, ഒരു കൂട്ടനിലവിളിയുടെ കറുത്ത ഓര്‍മമലപ്പുറം: സ്വാതന്ത്ര്യസമരപോരാട്ട വീഥിയിലെ കറുത്ത ഓര്‍മയായ വാഗണ്‍ ട്രാജഡിക്ക് 92 വയസ്സ്, വാഗണ്‍ട്രാജഡി ഇന്നും ഈറനണിയിക്കുന്ന സ്മരണയാണ്. മലബാര്‍ കലാപത്തിന്റെ ഭീതിതമായ സംഭവത്തിന് വേദിയായത് തിരൂരായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നിലകൊണ്ടതിന് പകതീര്‍ക്കാന്‍ വെള്ളക്കാര്‍ മലബാര്‍ മാപ്പിളമാരെ വേട്ടയാടിക്കൊണ്ടിരുന്നു. അവര്‍ ദേശസ്‌നേഹികളെ പിടികൂടി നാട്കടത്തുക പതിവാക്കി. നിരവധി പേരെ അന്തമാനിലേക്കും കോയമ്പത്തൂരിലേക്കുമൊക്കെയായി നാട് കടത്തി. ഇപ്രകാരം നാട് കടത്താന്‍ ആസൂത്രിതമായി നടത്തിയ ഹീനകൃത്യമാണ് വാഗണ്‍ട്രാജഡി.

വെള്ളക്കാരുടെ ഉറക്കം കെടുത്തിയ പോരാളികളെ പിടികൂടി പാര്‍സലാക്കുന്ന രീതിക്ക് കേണല്‍ ഹംഫ്രിബ്, സ്പ്യഷല്‍ ഓഫീസര്‍ ഇവാന്‍സ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് എന്നിവരായിരുന്നു നേതൃത്വം വഹിച്ചത്. വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം പേരെ നാട് കടത്തിയിരുന്നു. നവമ്പര്‍ 20ലെ നാട് കടത്തല്‍ കൂട്ടമരണമായിരിക്കണമെന്ന് ബ്രിട്ടീഷ് മേധാവികള്‍ നേരത്തെ നിശ്ചയിച്ചു.

പിറന്ന നാടിന് വേണ്ടി സമരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ ധീരദേശാഭിമാനികളെ തടവുകാരാക്കി 1921-നവംബര്‍ 19ന് തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ കൊണ്ടു വന്ന എംഎസ്എല്‍വി 1711-നമ്പര്‍ വാഗണില്‍ കുത്തിനിറച്ച് വാതില്‍ കൊട്ടിയടച്ച് പോത്തന്നൂരിലേക്ക് കയറ്റിവിട്ടു. ശ്വാസം വലിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ 90 പേരെ തള്ളിക്കയറ്റി ഗുഡ്‌സ് ട്രെയിന്‍ മരണകാഹളമൂതി പാഞ്ഞു. വാഗണിലെ അവസ്ഥ അതിദയനീയമായിരുന്നു. പ്രാണവായുവിന് വേണ്ടി ദ്വാരങ്ങള്‍ പരതുന്ന മനുഷ്യരായിരുന്നു വണ്ടിയില്‍.
തമിഴ്‌നാട്ടിലെ പോത്തന്നൂരില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അധികപേരും മരിച്ചിരുന്നു. ട്രെയിന്‍ വാതില്‍ തുറന്ന് നോക്കിയ സ്റ്റേഷന്‍ അധികൃതര്‍ മരിച്ചവരെ അവിടെ സ്വീകരിക്കാതെ തിരൂരിലേക്ക് തന്നെ തിരിച്ചയച്ചു. തിരൂരില്‍ തിരിച്ചെത്തിയത് ശവക്കൂമ്പാരമായിരുന്നു. 70ലേറെ ജീവനുകള്‍ ചലനമറ്റു. വാഗണിലെ രംഗം കണ്ട പലരും ബോധരഹിതരായി. നാട്ടുകരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടിരുന്നു. രകതസാക്ഷിത്വം വരിച്ചവരുടെ മൃതശരീരങ്ങള്‍ പ്രസിദ്ധമായ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും കോട്ട് മസ്ജിദ് ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്. ഹൈന്ദവ യോദ്ധാക്കളെ പൊതുശ്മശാനത്തിലും മറവ് ചെയ്തു.

കുരുവമ്പലം, മമ്പാട്, തൃക്കലങ്ങോട്, പയ്യനാട്, പേരൂര്‍, പുന്നപ്പാല, നീലാമ്പ്ര, ചെമ്മലശ്ശേരി എന്നിവിടങ്ങളിലുള്ളവരുണ്ടായിരുന്നു മരിച്ചവര്‍. ക്രൂരത സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയമിച്ചുവെങ്കിലും പ്രഹസനമായിരുന്നു. വെള്ളക്കാരെ രക്ഷിക്കാന്‍ മാത്രമായി അന്വേഷണം ഒതുങ്ങി. തിരൂരില്‍ നഗരസഭയും കുരുവമ്പലത്ത് വാഗണ്‍ട്രാജഡി സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച സൗധവും സ്മാരകങ്ങളായി നിലകൊള്ളുന്നു.
വാഗണ്‍ട്രാജഡിയില്‍ ഏറ്റവും കൂടുതല്‍ മരണപ്പെട്ടത് കുരുവമ്പലത്തുകാരായിരുന്നു. 35
വിലപ്പെട്ട ജീവനുകളാണ് കുരുവമ്പലം വില്ലേജിന് നഷ്ടമായത്. 1921-ല്‍ ആലിമുസ്‌ലിയാരുടെ ആഹ്വാനം ശിരസ്സാവഹിച്ച് വളപുരത്തെ സൂഫി വര്യനായ കല്ലേത്തൊടി കുഞ്ഞുണ്ണീന്‍ മുസ്‌ലിയാാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിച്ചു. ഇതറിഞ്ഞ് പട്ടാളക്കാര്‍ അദ്ദേഹത്തെ ഒരു ദിവസം പിടിച്ചു കൊണ്ടു പോയി, ഇതോടെ കുരുവമ്പലം മേഖലയിലെ യുവാക്കള്‍ ഇളകി മറിഞ്ഞു. പ്രതിഷേധം ഭയന്ന് വെള്ളക്കാര്‍ കുഞ്ഞുണ്ണീന്‍ മുസ്‌ലിയാരെ ജാമ്യത്തില്‍ വിട്ടു, പക്ഷേ ചോദിക്കാനെത്തിയ യുവാക്കളെ തടഞ്ഞുവെച്ചു. തിരൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ഇവരെയും വാഗണില്‍ കുത്തി നിറച്ചക്കുകയായിരുന്നു.

ദുരന്തത്തില്‍ നിന്ന് കുരുവമ്പലത്തെ രണ്ട് പേര്‍ ഭാഗ്യം കൊണ്ട് തിരിച്ചെത്തിയിരുന്നു. വാഗണിലെ ആണിയുടെ ദ്വാരത്തിന് നേര്‍ക്ക് ശ്വാസം പിടിച്ച് രക്ഷപ്പെട്ടത് വാഴയില്‍ കുഞ്ഞയമ്മു, കാളിയാര്‍ റോഡ് കോയക്കുട്ടി തങ്ങള്‍ എന്നിവരായിരുന്നു. സംഭവശേഷം മരണം മണക്കുന്ന ഓര്‍മകളുമായി പിന്നെയും ഏതാനും വര്‍ഷം ഇവര്‍ ജീവിച്ചു. വാഗണിലെ ആണി ദ്വാരത്തിലൂടെ ശ്വാസം വീണ്ടെടുത്ത് രക്ഷപ്പെട്ട മേല്‍മുറി കൊന്നോല അഹമ്മദാജി കുരുവമ്പലത്തുകാരെ കൂട്ടത്തോടെ വാഗണില്‍ കയറ്റിയ രംഗങ്ങള്‍ ഓര്‍ത്തെടുത്തുപറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലും വാക്കിലും അതിന്റെ ഭീകരത പ്രകടമായിരുന്നു.

1995-ല്‍ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി ഉപദേശകസമിതി ചെയര്‍മാനും കട്ടുപ്പാറ അബുഹാജി ചെയര്‍മാനും സലീം കുരുവമ്പലം കണ്‍വീനറുമായ വാഗണ്‍ ട്രാജഡി സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഉയന്ന സ്മാരകം കുരുവമ്പലത്തിന്റെ ചരിത്രം വിളിച്ചു പറയുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച എട്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സൗധത്തില്‍ കൂരിതൊടി ഏനു സ്മാരക ലൈബ്രറിയും വാഴയില്‍ കുഞ്ഞയമു സ്മാരക ഹാളും പ്രവര്‍ത്തിക്കുന്നു. 1995-ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സി.ടി. അഹമ്മദലിക്ക് നല്‍കിയ നിവേദനഫലമായി അനുവദിച്ചുകിട്ടിയ രണ്ട് സെന്റ് ഭൂമിയിലാണ് സ്മാരകം പണിതത്.

 ഇഖ്ബാല്‍ കല്ലുങ്ങല്‍
Chandrika-11/18/2013

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal