അവഗണനയുടെ പര്യായമായി നശിച്ചു കൊണ്ടിരിക്കുന്ന തിരൂരിലെ വാഗണ്‍ ട്രാജഡി മന്ദിരം

തിരൂര്‍:  സ്വാതന്ത്ര്യത്തിന്റെ ലോകം സ്വപ്നം കാണുകയും അവിടെ ജീവിക്കാന്‍ കൊതിക്കുകയും ചെയ്ത മലബാറിലെ മാപ്പിള മക്കളുടെ മഹത് ത്യാഗത്തിന്റെ സ്മരണപുതുക്കി ഒരു വാഗണ്‍ ട്രാജഡി ദിനം കൂടി. പിറന്ന മണ്ണിന്റെ മോചനത്തിന്നായി നടന്ന മലബാര്‍ സമരത്തില്‍  പൊലിഞ്ഞവരുടെ ഓര്‍മ്മ പോലും ശേഷിപ്പിക്കാതെ കടന്നുപോയത് 92 വര്‍ഷങ്ങള്‍.
1921 നവംബര്‍ 20 നെകണ്ണീരോടെ ഓര്‍ക്കാനേ ഏതൊരു മനുഷ്യസ്‌നേഹിക്കും കഴിയൂ. രാജ്യത്തെ നടുക്കിയ  ദുരന്തദിനമാത്. തിരൂര്‍ റെയില്‍വേസ്‌റ്റേഷന്റെ വടക്കെ അറ്റത്ത്് ഫഌറ്റ് ഫോമില്‍ കൊളുത്തഴിച്ച് വിട്ട് നിര്‍ത്തിയ വാഗണ്‍ നമ്പര്‍ എല്‍. ബി. 1711 എം. എസ്. എം-ല്‍ നിന്നും ഉയര്‍ന്ന ദുര്‍ഗന്ധം തങ്ങളുടെ സഹോദരന്‍മാരുടെ അഴുകിയ ജഡത്തില്‍ നിന്നാണെന്നറിഞ്ഞതോടെ നാട് വിറങ്ങലിക്കുകയായിരുന്നു. ജഢം ബന്ധുക്കള്‍ ഏറ്റുവാങ്ങണമെന്ന പോലീസ് സൂപ്രണ്ടിന്റെ ഉത്തരവ് ജനം തള്ളി കളഞ്ഞു. ബ്രിട്ടീഷ് ഭടന്‍മാരുടെ കാവലില്‍ ജഡങ്ങള്‍ പെട്രോളൊഴിച്ച് നശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചതോടെ ജനം റെയില്‍ വേസ്റ്റേഷനിലേക്ക് ഓടി എത്തി.തങ്ങളുടെ സഹോദരന്‍മാരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ എത്തിയവര്‍ക്കു  മുമ്പില്‍ വാഗന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച അതിഭയങ്കരമായിരുന്നു. ആരെയും തിരിച്ചറിയാന്‍ കഴിയാത്ത ആ ദേഹങ്ങള്‍ എല്ലാം അഴുകിയിരുന്നു.
മലബാറിന്റെ നാനാഭാഗത്തു നിന്നും അറസ്റ്റ് ചെയ്ത് വിലങ്ങ് വച്ചാണ് ആ ധീര ദേശാഭിമാനികളെ ബ്രീട്ടീഷ് പട്ടാളം  വാഗണില്‍ തള്ള കയറ്റിയത്. പലരും വാഗണില്‍ കയറാന്‍ വിസമ്മതിച്ചെങ്കിലും പോലീസ് അവരെ മര്‍ദ്ദിച്ചവളരാക്കി വാഗണിലേക്ക് എടുത്തെറിയുകയായിരുന്നു. തുടര്‍ന്ന് വാഗണിന്റെ വാതിലടച്ച് താഴിട്ട് പൂട്ടിയതോടെ കൂട്ടനിലവിളി ഉയര്‍ന്നു. വാതില്‍ തുറക്കാനായി കൂട്ടത്തോടെ വാഗണില്‍ തട്ടിയെങ്കിലും അപ്പോഴേക്കും കല്‍ക്കരി എഞ്ചിന്‍ കൂകി വിളിച്ചു തെക്കോട്ട് നീങ്ങി. പിന്നീട് കുറ്റിപ്പുറത്തെത്തിയപ്പോള്‍ യാതൊരു വിധ ശബ്ദവും കേട്ടില്ലെന്നു അന്നത്തെ റെയില്‍വേ ജീവനക്കാര്‍ തന്നെ  പറഞ്ഞിരുന്നു. തുടര്‍ന്ന് പോത്തന്നൂര്‍  സ്റ്റേഷനിലെത്തിയപ്പോള്‍ അധികൃതര്‍ വാഗണ്‍ തുറന്ന് പരിശോധന നടത്തി. പരസ്പരം കടിച്ചും കീറിയും ജീവനറ്റ നിരവധി പേരുടെ കൂട്ടതില്‍ ജീവന്റെ തുടിപ്പ് നില ന്ില്‍ക്കുന്നവര്‍ നാമമാത്രം. ഇതോടെ ജീവനുള്ളവരെ ഇറക്കി ജീവനില്ലാത്ത 67 ശവശരീരങ്ങളുമായി വാഗണ്‍ തിരൂരിലേക്കു തന്നെ തിരിച്ചു വിട്ടു. ഇത്തരത്തില്‍ മരണം വരിച്ച ദേശസ്‌നേഹികള്‍ അറുപത്തിയേഴ് പേരുണ്ടായിരുന്നു.
ഈ സമരത്തിന് തിരി കൊളുത്തിയത് തിരൂരങ്ങാടി സംഭവമാണ്. നിരായുധരായ മാപ്പിളമാര്‍ക്കെതിരെ പട്ടാളമേധാവി തോമസിന്റെ നേതൃത്വത്തിലുള്ള പട്ടാളം നടത്തിയ വെടിവെപ്പ് തോമസിന്റെ ക്രൂരതയാണ് വെളിവാക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകളില്‍ കാണുന്നത് ഇതില്‍ നിന്നും വ്യത്യസ്തമായ കാരണങ്ങളാണ്.
ഇതോടെ പൂക്കോട്ടൂര്‍, താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളിലെ പോലീസ് സ്‌റ്റേഷനുകള്‍ ജനം ആക്രമിച്ചു. പോലീസുകാരെ ആക്രമിച്ചു. പോലീസിന്റെ പൊടി പോലും ഈ പ്രദേശങ്ങളില്‍ കാണാനുണ്ടായിരുന്നില്ലത്രെ. ഇതോടെ ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ ഭയക്കാന്‍ തുടങ്ങി. തുടര്‍ന്ന് മലബാറിന്റെ മുക്കു മൂലകളിലെ വീടുകളില്‍ ഭയചകിതരായി ഒളിച്ചിരുന്ന പുരുഷന്‍മാരെ രാത്രികാലങ്ങളില്‍ വീട് വളഞ്ഞ് പട്ടാളം പിടികൂടി കൂട്ടത്തോടെ ആട്ടിത്തെളിച്ചാണ് തിരൂരിലെത്തിച്ചത്. തുടര്‍ന്നാണ് ലോകരാഷ്ട്രങ്ങളില്‍ തന്നെ മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ ക്രൂരതയുടെ പര്യായമായി ഈ സംഭവം മാറിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ദേശാഭിമാനികളുടെ ഓര്‍മ്മക്കായി തിരൂരില്‍ നിര്‍മ്മിച്ച വാഗണ്‍ ട്രാജഡി സ്മാരകം പോലും തിരിഞ്ഞു നോക്കാനാളില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ച അവഹേളനത്തിന്റെ മുഖമുദ്രയാണ്.
വാഗണ്‍ ട്രാജഡി സ്മരണക്ക് വേണ്ടി തിരൂരില്‍ 32 വര്‍ഷം മുമ്പ് നിര്‍മ്മിച്ച വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. സാമൂഹിക- സാംസ്‌കാരിക സംഘടനകളുടെ പരിപാടികളും കല്യാണങ്ങളും ഈ മന്ദിരത്തില്‍ വച്ച് നടത്തിയിരുന്നു. എന്നാല്‍ ഇന്ന് ഈ മന്ദിരം ആര്‍ക്കും വേണ്ടാത്ത ഒരു നോക്കുകുത്തിയായി മാറിയിരിക്കുന്നു. ഈ ദുരന്തത്തിനുത്തരവാദി ആരാണ് എന്നതിനാണ് നാട്ടുകാര്‍ക്ക് ഉത്തരം കിട്ടേണ്ടത്.

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal