വാഗണ്‍ ദുരന്തത്തിന് 93 വയസ്സ് : ദുരന്തദിനത്തിന്‍െറ സ്മരണയില്‍ കുരുവമ്പലം

പുലാമന്തോള്‍: സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ദുരന്തത്തിന്‍െറ ഓര്‍മകള്‍ പുതുക്കാന്‍ കുരുവമ്പലവും പരിസര പ്രദേശങ്ങളും വീണ്ടും ഒരുങ്ങുന്നു. ദുരന്തത്തിന്‍െറ 93ാം വാര്‍ഷിക അനുസ്മരണ സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് വാഗണ്‍ ട്രാജഡി സ്മാരക മന്ദിര പരിസരത്ത് നടക്കും. 1921 നവംബര്‍ 19നായിരുന്നു കുരുവമ്പലം, വളപുരം, ചെമ്മലശ്ശേരി, പാലൂര്‍, പുലാമന്തോള്‍ ഭാഗങ്ങളില്‍നിന്നുള്ള 41 സ്വാതന്ത്ര്യ സമര ഭടന്മാര്‍ ജീവവായുപോലും ലഭിക്കാനാവാത്തവിധം അടച്ചുപൂട്ടിയ റെയില്‍വേയുടെ ചരക്ക് വാഗണില്‍ ശ്വാസം കിട്ടാതെ മരിച്ചത്.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ബ്രിട്ടീഷ് പട്ടാളം വിവിധ തരത്തിലുള്ള പീഡനമുറകളാണ് കൈകൊണ്ടിരുന്നത്. സമര യോദ്ധാക്കളെ പ്രകോപിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വളപുരത്തെ കല്ളെത്തൊടി കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചത്. വിവരമറിഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധവുമായി പെരിന്തല്‍മണ്ണയിലേക്കൊഴുകിയത്തെി.

പ്രതിഷേധം ശക്തമായപ്പോള്‍ മുസ്ലിയാരെ ജയിലില്‍നിന്ന് തുറന്നുവിടുകയും പ്രതിഷേധക്കാരെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ടുപോവുകയുമാണുണ്ടായത്. തിരൂരില്‍നിന്ന് റെയില്‍വേ ചരക്ക് വാഗണില്‍ കുത്തിത്തിരുകി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ 72 സ്വാതന്ത്ര്യസമര ഭടന്മാരില്‍ 70 പേരാണ് ശ്വാസം കിട്ടാതെ ചരക്ക് വാഗണില്‍ മരിച്ചത്. എന്നാല്‍, കുരുവമ്പലം സ്വദേശികളായ കാളിയറോഡ് കോയക്കുട്ടി തങ്ങള്‍, വാഴയില്‍ കുഞ്ഞയമു എന്നിവര്‍ വാഗണ്‍ ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുരുവമ്പലം, പുലാമന്തോള്‍ വില്ളേജുകളില്‍നിന്ന് വാഗണ്‍ ദുരന്തത്തില്‍ 41 പേര്‍ മരണപ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ പെരിന്തല്‍മണ്ണ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു.

സ്വാതന്ത്ര്യസമര ചരിത്രവും വാഗണ്‍ ദുരന്തവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും ദുരന്ത ഭൂമികയായ പ്രദേശങ്ങള്‍ തീരെ ഓര്‍മിക്കപ്പെടാതെ പോവുകയാണുണ്ടായത്. 2005ല്‍ ജില്ലാ പഞ്ചായത്തിന്‍െറയും നാട്ടുകാരുടെയും ശ്രമഫലമായി കുരുവമ്പലത്ത് സ്ഥാപിച്ച സ്മാരക മന്ദിരം മാത്രമാണ് നിലവിലുള്ളത്. വ്യാഴാഴ്ച നടക്കുന്ന 93ാം വാര്‍ഷിക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, ഡോക്ടര്‍ പി. ശിവദാസന്‍, എ.പി. അമീര്‍ദാസ് എന്നിവര്‍ സംസാരിക്കും

Madhyamam News
19.11.2014

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal