വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍ മുഖം മിനുക്കുന്നു

തിരൂര്‍: ചരിത്രപ്രാധാന്യം കാത്തുസൂക്ഷിച്ച് വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍ നവീകരണം പുരോഗമിക്കുന്നു. 90 ലക്ഷം രൂപ വകയിരുത്തി തിരൂര്‍ നഗരസഭയാണ് 30 വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകം പുതുക്കിപ്പണിയുന്നത്. കെട്ടിടത്തിന്റെ ചുമരുകളുടെയും തൂണുകളുടെയും ശോച്യാവസ്ഥ പരിഹരിക്കുകയും മേല്‍ക്കൂര നന്നാക്കുകയും നിലം മാര്‍ബിള്‍ പതിക്കുകയും ടോയ്‌ലറ്റുകള്‍ പുതുക്കിപ്പണിയുകയുമാണ് പദ്ധതിയി.
കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയിലായ ടൗണ്‍ഹാള്‍ നവീകരിക്കുന്നതിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ജൂണില്‍ കോഴിക്കോട്ടെ കരാറുകാരന്‍ ബഷീര്‍ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കുകയും ജൂലൈയില്‍ പണി തുടങ്ങുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവൃത്തികള്‍ വൈകിയത്. നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു വേണ്ടി കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ദധ സംഘം ടൗണ്‍ഹാള്‍ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരമാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്.
കെട്ടിടത്തിന്റെ തൂണുകള്‍ക്ക് വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ കൂടുതല്‍ ശക്തി നല്‍കുന്നതിനു വേണ്ടി ഇതിനോടു ചേര്‍ന്നു തന്നെ തൂണ്‍ പണിയുന്നുണ്ട്. ടൗണ്‍ഹാളിന്റെ റിസപ്ഷന്‍ ഹാള്‍, ഡൈനിങ് ഹാള്‍, വരാന്ത എന്നിവിടങ്ങളിലെ നിലം പൂര്‍ണമായും മാര്‍ബിള്‍ പതിക്കും. ടോയ്‌ലറ്റുകള്‍ പൂര്‍ണമായും നവീകരിക്കുന്നുണ്ട്. 30 യൂറിന്‍ കാബിനുകളും 6 സിംഗ്ള്‍ ടോയ്‌ലറ്റുകളും ടൈല്‍സ് പതിച്ച് നവീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

മേല്‍ക്കൂരയിലെ പൊട്ടിപ്പൊളിഞ്ഞതും ദ്രവിച്ചതുമായ ഷീറ്റുകള്‍ മാറ്റും. പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് മേല്‍ക്കൂര മനോഹരമാക്കാനാണ് പദ്ധതി. സ്റ്റേജും ചുവരുകളും ഭംഗിവരുത്തുകയും ഇവിടങ്ങളിലെ കര്‍ട്ടണുകള്‍ പുതുക്കി സ്ഥാപിക്കുകയും ചെയ്യും. ഇരിപ്പിടങ്ങളിലെ സീറ്റുകളില്‍ കേടുപാടുകളില്ലാത്തവ നിലനിര്‍ത്തി ബാക്കിയുള്ള പുതുക്കി സ്ഥാപിക്കും. അകത്തെ നവീകരണ പ്രവൃത്തികള്‍ക്കു ശേഷം മുറ്റവും പരിസരവും ഭംഗിയാക്കാനും പദ്ധതിയുണ്ട്.

ടൗണ്‍ഹാളിനു പുറത്തുള്ള വാഗണ്‍ മാതൃകയുടെ കേടുപാടുകള്‍ തീര്‍ക്കും. ലാന്‍സ്‌കാപ്പ് പ്രവൃത്തികളും പദ്ധതിയിലുണ്ട്. ചുറ്റുമതില്‍ കെട്ടി ടൗണ്‍ഹാളും പരിസരവും പൂര്‍ണമായും സംരക്ഷിക്കും. മുറ്റത്ത് പൂന്തോട്ടം സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. നവീകരണ പ്രവൃത്തികള്‍ ധ്രുതഗതിയിലാണ് നടക്കുന്നത്. എത്രയും വേഗം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് നഗരസഭാധികൃതരുടെ ലക്ഷ്യം. നവംബറില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ടൗണ്‍ ഹാള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുമെന്നും  നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ ടീച്ചര്‍ പറഞ്ഞു.

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal