വാഗണ്‍ട്രാജഡിക്ക് 93 വയസ്സ്‌

കൊളത്തൂര്‍(മലപ്പുറം): ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ദുരന്തസ്മരണയ്ക്ക് 93 വര്‍ഷം തികയുന്നു. 1921 നവംബര്‍ 19ന് തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എം.എസ് റെയില്‍വേയുടെ ഗുഡ്‌സ് വാഗണ്‍ നവംബര്‍ 20ന് പോത്തന്നൂരില്‍ എത്തിയപ്പോള്‍ ശ്വാസംകിട്ടാതെ ജീവന്‍ വെടിഞ്ഞത് 70 പേരായിരുന്നു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാരും അവരില്‍ 35 പേര്‍ കുരുവമ്പലം ഗ്രാമത്തില്‍പ്പെട്ടവരുമായിരുന്നു.

പണ്ഡിതനും സൂഫിയുമായിരുന്ന വളപുരം കല്ലേത്തൊടി കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ അറസ്റ്റുചെയ്ത് പെരിന്തല്‍മണ്ണ സബ്ജയിലലടച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് വാഗണ്‍ദുരന്തത്തിന് കാരണമെന്നാണ് പ്രബലമായ അഭിപ്രായം. കുഞ്ഞുണ്ണീന്‍ മുസ്ലിയാരുടെ അറസ്റ്റിനെത്തുടര്‍ന്ന് പ്രതിഷേധവുമായി പെരിന്തല്‍മണ്ണയിലെത്തിയ നാട്ടുകാരെ പോലീസ് അറസ്റ്റുചെയ്ത് തിരൂരില്‍ കൊണ്ടുപോയി വാഗണില്‍ കയറ്റുകയായിരുന്നു.

മതപഠനത്തിന് പൊന്നാനി ജുമാമസ്ജിദിലേക്ക് പോയ യുവാക്കളെയാണ് ലഹളക്കാര്‍ എന്ന മുദ്രകുത്തി ചരക്ക് വാഗണില്‍ കുത്തിനിറച്ചതെന്നും അഭിപ്രായമുണ്ട്. കുരുവമ്പലം ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പില്‍ അലിഞ്ഞു ചേര്‍ന്ന ഈ മഹാദുരന്തത്തിന്റെ അവശേഷിപ്പുകള്‍ ഏറെയും വേരറ്റുപോയതായി സാമൂഹികപ്രവര്‍ത്തകനും ജില്ലാപഞ്ചായത്തംഗവുമായ സലീം കുരുവമ്പലം പറയുന്നു.

മരിച്ചവരിലധികവും അവിവാഹിതരായതിനാല്‍ സ്മരണകള്‍ ഓര്‍ത്തുവെക്കാന്‍ തലമുറകളുണ്ടായില്ല. ദുരന്തത്തില്‍നിന്ന് പ്രദേശത്തെ രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കാളിയറോഡ് കോയക്കുട്ടി തങ്ങളും വാഴയില്‍ കുഞ്ഞയമുവും. ഇവര്‍ വാഗണിന്റെ താഴ്ഭാഗത്ത് ആണി യടിച്ച ദ്വാരത്തിലൂടെ മൂക്ക് ചേര്‍ത്തുവെച്ച് കിട്ടിയ പ്രാണവായുവിന്റെ കരുത്തിലാണ് രക്ഷപ്പെട്ടത്. വീണ്ടും നീണ്ട ജയില്‍ശിക്ഷയ്ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇവരുടെ മക്കളും പേരക്കുട്ടികളും ദുരന്തത്തില്‍ മരിച്ച താഴത്തേതില്‍ കുട്ടിഹസ്സന്റെ പേരക്കുട്ടികളും കുരുവമ്പലത്തും വളപുരത്തും ജീവിച്ചിരിപ്പുണ്ട്.

1995-ല്‍ കുരുവമ്പലത്ത് രൂപവത്കരിച്ച വാഗണ്‍ട്രാജഡി സ്മാരകസമിതിയുടെ നേതൃത്വത്തില്‍ മരിച്ചവരുടെ പേരും മേല്‍വിലാസവും ശേഖരിച്ചു. 2005-ല്‍ ജില്ലാ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വാഗണ്‍ട്രാജഡി സ്മാരകമന്ദിരവും നിര്‍മിച്ചു. ലൈബ്രറി യടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

News @ Mathrubhumi

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal