1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

വാഗണ്‍ ട്രാജഡി; ചരിത്രത്തിലെ ഇരുണ്ട ഓര്‍മകള്‍ക്ക് 93 വയസ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ദുരന്തത്തിന് 93 വയസ്. വിദേശാധിപത്യത്തോട് രാജിയാകാന്‍ ഒരിക്കലും സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാര്‍ക്കെതിരില്‍ ബോധപൂര്‍വ്വമായി ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യയായിരുന്നു വാഗണ്‍ ട്രാജഡി. വാഗണില്‍ കയറ്റി നാടുകടത്തിയ ആയിരക്കണക്കിന് പോരാളികളെ കുറിച്ചുള്ള ചോദ്യചിഹ്നങ്ങള്‍ മാത്രമാണ് ചരിത്ര ഏടുകളില്‍ ഇന്നും ബാക്കി. വെള്ളക്കാര്‍ക്കെതിരില്‍ ആയുധമെടുത്ത ദേശസ്‌നേഹികളെ നാടുകടത്തിയ സംഭവം ലോകം കണ്ടതില്‍ ഏറ്റവും വലിയ മനുഷ്യക്കടത്തായിരുന്നു.
32 തവണകളായി ആന്തമാനിലേക്കും കോയമ്പത്തൂരിലേക്കും പലഘട്ടങ്ങളില്‍ സമരക്കാരെ നാടുകടത്തി. യാത്രക്കിടയില്‍ ശ്വാസം മുട്ടിയും കണ്ണുതുറിച്ചും അന്ത്യം വരിച്ചവരില്‍ ആരും തന്നെ വാഗണ്‍ ദുരന്ത ചരിത്രത്തിലെ അധ്യായങ്ങളില്‍ ഇടം പിടിച്ചില്ല. ഓരോ നാടുകടത്തലിനു പിന്നിലും ബ്രിട്ടിഷ് പട്ടാള മേധാവികളുടെ ആസൂത്രിതമായ നീക്കങ്ങളുണ്ടായിരുന്നു.
സ്‌പെഷല്‍ ഡിവിഷനല്‍ ഉദ്യോഗസ്ഥന്‍ ഇവാന്‍സ്, പട്ടാള കമാന്റന്റ് കര്‍ണ്ണന്‍ ഹംഫ്രിഡ്, ജില്ലാ പട്ടാള മേധാവി ഹിച്ച് കോക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നരഹത്യയുടെ ഒടുവിലത്തെ സാക്ഷ്യമായിരുന്നു 1921 നവംബര്‍ 20ല്‍ തിരൂരിലെ വാഗണ്‍ ദുരന്തം. നവംബര്‍ പത്ത് മുതല്‍ നാടിന്റെ നാനാ ഭഗത്തു നിന്നും മലബാര്‍ കലാപത്തിന്റെ പേരില്‍ നിരവധി പോരാളികളെ അറസ്റ്റു ചെയ്യാന്‍ തുടങ്ങിയിരുന്നു. മലബാറിലെ ജയിലുകളെല്ലാം നിറഞ്ഞുകവിഞ്ഞു. അധിക പേരെയും കള്ളക്കേസ് ചമച്ചായിരുന്നു പോലീസ് പിടികൂടിയത്. പുലാമന്തോള്‍ പാലം പൊളിച്ചെന്നായിരുന്നു വാഗണിലടച്ചവരില്‍ ചുമത്തിയ കുറ്റം.
നവംബര്‍ 20ന് രാവിലെ, നാല് വീതം തടവുകാരെ കാളവണ്ടിയുടെയും കഴുതവണ്ടികളുടെയും ഇടയില്‍ കെട്ടിയിട്ട് നൂറ് കണക്കിന് പോരാളികളെ നിലത്തുരച്ച് കിലോമീറ്ററുകള്‍ താണ്ടിയ യാത്ര. വേഗതക്കനുസരിച്ച് മുന്നിലും പിന്നിലുമുള്ള കൂര്‍ത്ത മുനകളില്‍ ശരീരം തറച്ച് വേദനയില്‍ പുളകം കൊള്ളിച്ച മണിക്കൂറുകള്‍. ഓടിയും ചാടിയും കുന്നും മലയും വയലും താണ്ടി യാത്ര സന്ധ്യയോടെ തിരൂരിലെത്തി. തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ മദ്രാസ് സൗത്ത് കമ്പനിക്കാരുടെ എംഎസ്എം-എല്‍വി 1711-ാം നമ്പര്‍ വാഗണില്‍ മനുഷ്യക്കൂട്ടങ്ങളെ കുത്തിനിറച്ചു. ചരക്കു സംഭരിക്കാന്‍ പാകത്തില്‍ ക്രമീകരിച്ച ഇരുമ്പ് തകിട് കൊണ്ട് ചുറ്റപ്പെട്ട ബോഗിയിലായിരുന്നു 90 പേരെ കുത്തി നിറച്ചത്. ശ്വാസം വലിക്കാന്‍ കഴിയാത്ത രീതിയില്‍ മരണപ്പുക തുപ്പി രാത്രി ഒമ്പതിന് വാഗണ്‍ തിരൂര്‍ സ്റ്റേഷന്‍ വിട്ടു. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ ദാഹജലവുമില്ലാതെ മണിക്കൂറുകള്‍.
വണ്ടി ഷൊര്‍ണ്ണൂരും ഒലവക്കോട്ടും പതിനഞ്ച് മിനുറ്റ് നിറുത്തിയപ്പോഴും അവരുടെ ദീനരോദനം കേള്‍ക്കാന്‍ ബ്രിട്ടീഷ്പട്ടാളം തയ്യാറായില്ല. 180 കിലോമീറ്റര്‍ അകലെയുള്ള പോത്തന്നൂര്‍ എത്താതെ ബോഗിതുറക്കില്ലെന്ന വാശിയിലായിരുന്നു ഹിച്ച്‌കോക്കും സംഘവും. പുലര്‍ച്ചെ വണ്ടി തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി, വാഗണ്‍ തുറന്നപ്പോള്‍ മരണ വെപ്രാളത്തില്‍ പരസ്പരം മാന്തിപൊളിച്ചും കണ്ണുകള്‍ തുറിച്ചുമുള്ള ദാരുണ കാഴ്ച. 64 ശരീരങ്ങള്‍ മരണത്തിന് അപ്പോഴേ കീഴ്‌പ്പെട്ടിരുന്നു. 44 മയ്യിത്തുകള്‍ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും, 11 മയ്യിത്തുകള്‍ കോട്ട് ജുമാ മസ്ജിദ് പറമ്പിലും ഖബറടക്കി. ഹൈന്ദവ പോരാളികളുടെ മൃതശരീരങ്ങള്‍ ഏഴൂരിലെ പൊതു ശ്മശാനത്തിലും മറവ് ചെയ്തു. ജനങ്ങളില്‍ പ്രതിഷേധം അണപൊട്ടിയപ്പോല്‍ വാഗണ്‍ ദുരന്തമന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചെങ്കിലും വെറും പ്രഹസനമായി മാറി. വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷികളായ 70 പോരാളികളെ ആദരിച്ചും അനുസ്മരിച്ചും തിരൂര്‍ മുനിസിപ്പാലിറ്റി 1987ല്‍ വാഗണ്‍ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നിര്‍മ്മിച്ചു. ചരിത്രത്തിലേക്ക് തിരിച്ചു സഞ്ചരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് ഇന്നും തരൂരില്‍ നിലകൊള്ളുന്ന വാഗണ്‍ ട്രാജഡി സ്മാരകം. മുനിസിപ്പാലിറ്റി വകയിരുത്തിയ ഒരു കോടിരൂപ ചിലവില്‍ സ്മാരകത്തിന്റെ നവീകരണം നടക്കുകയാണിപ്പോള്‍. കോഴിക്കോട് എന്‍ ഐ ടിയിലെ വകുപ്പ് മേധാവികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തി അവസാന ഘട്ടത്തിലെത്തിലാണ്.

0 comments:

Post a Comment