1921 നവമ്പര്‍ 20. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം. വെള്ളക്കാരെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി ഇന്ത്യന്‍ മണ്ണില്‍ പാറിക്കാനായി നടന്ന ജനമുന്നേറ്റത്തെ തകര്‍ക്കാന്‍ , ഇന്ത്യന്‍ ജനതയെ എക്കാലവുമോര്‍ക്കുന്ന പാഠം പഠിപ്പിക്കിവാന്‍ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യ.
വാഗണ്‍ ട്രാജഡി.
********************************************
ആകെ 70 പേര്‍ മരണപ്പെട്ടു. ഇതില്‍ 41 പേര്‍ പുലാമന്തോള്‍ പഞ്ചായത്തുകാര്‍. അതില്‍ 35 പേര്‍ കരുവമ്പലം പ്രദേശത്തുകാര്‍.

ചരിത്രം ഉറങ്ങുന്ന പള്ളിയില്‍അത്തീസ് പറഞ്ഞ ചരിത്രം
ളുഹര്‍ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിവരുമ്പോഴാണ് പള്ളിയുടെ കല്‍പ്പടവുകളില്‍വെച്ച് അത്തീസിനെ കണ്ടുമുട്ടിയത്. വാഗണ്‍ ട്രാജഡിയുടെ കഥകള്‍ നിറഞ്ഞ കോരങ്ങത്ത് പള്ളിയെക്കുറിച്ച് അത്തീസിന് ഒരുപാട് ഓര്‍മകളുണ്ട്. ഉപ്പ പറഞ്ഞുതന്ന കഥകളാണ് ഇതില്‍ പലതുമെന്ന് 72കാരനായ അത്തീസ് പറയുന്നു. കഥ കേള്‍ക്കാന്‍...അല്ല ചരിത്രം കേള്‍ക്കാന്‍ കുറച്ചുനേരം അത്തീസിനൊപ്പം ആ കല്‍പ്പടവുകളില്‍ ചാരിനിന്നു. ''വാഗണ്‍ ട്രാജഡിയുടെ സങ്കടങ്ങള്‍ ഒരു ജന്മം കൊണ്ട് മറക്കാന്‍ കഴിയുന്നതല്ല. മനുഷ്യരെ ഇത്ര ക്രൂരമായി ശിക്ഷിക്കാന്‍ കഴിയുമെന്ന് മനസ്സിലായത് വാഗണ്‍ ട്രാജഡിയിലൂടെയാണ്. ബാപ്പ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഈ ചെവികളില്‍ മുഴങ്ങുന്നുണ്ട്. തിരൂര്‍ സ്റ്റേഷനില്‍നിന്ന് പോത്തന്നൂര്‍ വരെയാണ് ആളുകളെ ഒരു വാഗണില്‍ കുത്തിനിറച്ചുകൊണ്ടുപോയത്. ആളുകളെ മാടുകളേക്കാള്‍ ക്രൂരമായി കുത്തിനിറയ്ക്കാന്‍ ഷൂ ഇട്ട കാലുകള്‍കൊണ്ട് ബ്രിട്ടീഷുകാര്‍ ചവിട്ടുകയായിരുന്നുവെന്നാണ് പറയുന്നത്. ചരക്ക് തീവണ്ടിയുടെ അടച്ചുപൂട്ടിയ വാഗണിനുള്ളില്‍ ശ്വാസം കിട്ടാതെ പിടഞ്ഞ മനുഷ്യര്‍. വാഗണിലെ ചെറിയ സുഷിരങ്ങളില്‍ മൂക്ക് വെച്ച് ജീവവായുവിനുവേണ്ടി പിടഞ്ഞ മനുഷ്യര്‍. ഒരാള്‍ സുഷിരത്തിനടുത്ത് മൂക്ക് വെക്കുമ്പോഴേക്കും അയാളെ പിടിച്ചുമാറ്റി അടുത്തയാള്‍ എത്തും. ഈ പിടിവലി വലിയ അക്രമങ്ങളിലേക്കാണ് എത്തിയത്. ജീവനുവേണ്ടി മനുഷ്യര്‍ പരസ്​പരം ആക്രമിക്കുന്ന കാഴ്ച. എത്രയോ ഭയാനകമായ അവസ്ഥയാണത്...''.

മയ്യിത്തുകള്‍ നിറഞ്ഞ ദിനം
വാഗണ്‍ ട്രാജഡിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ മയ്യിത്തുകള്‍ ഒന്നിനുപിറകെ ഒന്നായി കോരങ്ങത്ത് പള്ളിയിലേക്ക് കൊണ്ടുവന്ന ആ ദിനത്തിന്റെ കഥകള്‍ അത്തീസിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മയ്യിത്തുകള്‍ എടുത്തുകൊണ്ടുവന്ന ആലിക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഇന്നും അത്തീസ് ഓര്‍ക്കുന്നു. രാവിലെയാണ് തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ തീവണ്ടിയെത്തിയത്. പോത്തന്നൂരില്‍ ഇറക്കാന്‍ സമ്മതിക്കാത്തതിനാല്‍ മയ്യിത്തുകള്‍ തിരികെ കൊണ്ടുവരികയായിരുന്നു. 85 പേരാണ് വാഗണില്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചത്. അതില്‍ 44 പേരുടെ മയ്യിത്തുകളാണ് കോരങ്ങത്ത് പള്ളിയില്‍ ഖബറടക്കിയത്. 11 പേരുടെ മയ്യിത്തുകള്‍ സമീപത്തുള്ള കോട്ട് പള്ളിയില്‍ ഖബറടക്കി. ബാക്കിയുള്ള 30 മയ്യിത്തുകള്‍ കരുവമ്പലത്തെ പള്ളിയിലേക്ക് കൊണ്ടുപോയി അവിടെയാണ് ഖബറടക്കിയത്.

ഖബറടക്കം മാത്രം നിറഞ്ഞ ആ ദിനം കോരങ്ങത്ത് പള്ളിയുടെ മിനാരങ്ങള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാകും. ''റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓരോ മയ്യിത്തുകളായിട്ടാണ് ആലിക്കുട്ടിയും നാട്ടുകാരും ചേര്‍ന്ന് പള്ളിയിലേക്ക് ചുമന്നുകൊണ്ടുവന്നത്. രാവിലെ തുടങ്ങിയ മയ്യിത്ത് കൊണ്ടുവരല്‍ രാത്രി വരെ തുടര്‍ന്നു. കൈനിക്കര വലിയ മമ്മിഹാജിയും ഇലനാട്ടില്‍ കമ്മുക്കുട്ടി ഹാജിയുമാണ് ചടങ്ങുകളുടെ ചെലവുകളെല്ലാം വഹിച്ചത്...''. മരണം മാത്രം നിറഞ്ഞ ആ ദിനത്തെക്കുറിച്ച് അത്തീസ് പറയുമ്പോള്‍ കണ്ണുകള്‍ അറിയാതെ ഖബര്‍സ്ഥാനിലേക്ക് നീണ്ടു.
എല്ലാ മയ്യിത്തുകളും ഖബറടക്കി കഴിഞ്ഞശേഷം ക്ഷീണം കൊണ്ട് കമ്മുക്കുട്ടി ഹാജി ഒന്നു മയങ്ങിപ്പോയി. ഉറക്കത്തിനിടയില്‍ ഒരു മയ്യിത്ത് കൂടിയുണ്ടെന്ന് ആരോ വിളിച്ചു പറയുന്നതുപോലെ അദ്ദേഹത്തിന് തോന്നി. ഉറക്കം ഞെട്ടിയുണര്‍ന്ന കമ്മുക്കുട്ടി ഹാജി ഉടനെ മറ്റുള്ളവരെയും കൂട്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. കുറേ അന്വേഷണത്തിനുശേഷം ഒരു മയ്യിത്ത് കൂടി അവര്‍ കണ്ടെത്തി. അതുകൂടി പള്ളിയില്‍ കൊണ്ടുവന്ന് ഖബറടക്കിയശേഷമാണ് ജനം ആ രാത്രിയില്‍ പള്ളിയില്‍ നിന്ന് പിരിഞ്ഞുപോയത്.

ഓര്‍മകള്‍ മായുമ്പോള്‍
ചരിത്രം പുതച്ചുറങ്ങുന്ന കോരങ്ങത്ത് പള്ളിയുടെ കഥകള്‍ പുതിയ തലമുറ അറിയാതെ പോകുന്നുണ്ടെന്നാണ് പള്ളിയില്‍ വെച്ചു കണ്ടുമുട്ടിയ ചരിത്ര ഗവേഷകനായ തിരൂരിലെ ടി.മുഹമ്മദും പി.പി അബ്ദുള്‍ റഹ്മാനും പറയുന്നത്. അത് മാറണമെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

സിറാജ് കാസിം
22 Dec 2014

1 comments:

  1. ഉപകാര പ്രദം.നമ്മുടെ പൂർവികരുടെയും ഗ്രാമങ്ങളുടെയും ചരിത്രങ്ങൾ പുതു തലമുറക്ക് എത്തിക്കേണ്ടതുണ്ട്. നാഥൻ തുണക്കട്ടെ.

    ReplyDelete