ദുരന്തത്തിന്റെ ഓര്‍മകളില്‍ ഒരു ടൗണ്‍ഹാള്‍

ചരിത്രം ഒരു വായനയാണ്... കത്തുന്ന നട്ടുച്ചവെയിലില്‍ വിയര്‍ത്തൊഴുകി തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരകഹാളിന് മുന്നിലേക്കെത്തുമ്പോള്‍ ഓര്‍മകളും തിളച്ചുമറിയുകയായിരുന്നു. ചരിത്രം വായിച്ചെടുത്തോളൂ എന്ന് ഓര്‍മപ്പെടുത്തി മുന്നില്‍ ഒരു പുസ്തകംപോലെ വാഗണ്‍ട്രാജഡി ഹാള്‍. അതിന്റെ താളുകള്‍ മുഴുവന്‍ മറിയുന്നത് പിന്നിലേക്കാണ്. കേണല്‍ ഹംഫ്രിബ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഇവാന്‍സ്, പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക്...ഓരോ താളില്‍നിന്നും ഒരുപാട് കഥാപാത്രങ്ങളും സംഭവങ്ങളും ഇറങ്ങിവന്നുകൊണ്ടേയിരിക്കുന്നു...
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവുംവലിയ വേദനകളിലൊന്നായ മഹാദുരന്തത്തിന്റെ മരിക്കാത്ത ഓര്‍മയാണ് തിരൂരിലെ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാള്‍. ബ്രിട്ടീഷുകാര്‍ ഒരു നാടിനോടും ജനതയോടും ചെയ്ത സമാനതകളില്ലാത്ത കാടത്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍. സ്വാതന്ത്ര്യസമരചരിത്രത്തിലെ ഉണങ്ങാത്ത മുറിവായി നില്‍ക്കുന്ന വാഗണ്‍ ട്രാജഡിയുടെ കഥകള്‍ മുഴുവന്‍ ഇവിടെ ഇപ്പോഴും തുടിച്ചുനില്‍ക്കുന്നുണ്ട്. രക്തസാക്ഷികളുടെ സ്മാരകമായി തിരൂര്‍ നഗരസഭയാണ് വാഗണ്‍ ട്രാജഡി സ്മാരക ഹാള്‍ നിര്‍മിച്ചത്.

ചരിത്രം വേദനയാകുമ്പോള്‍

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഖിലാഫത്ത് പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട സമയമായിരുന്നു അത്. പോരാളികളുടെ വിപ്ലവവീര്യം തകര്‍ക്കുന്നതിനായി ബ്രിട്ടീഷുകാര്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. മലബാര്‍ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച്‌കോക്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിരപരാധികളായ സാധാരണക്കാരെയും കര്‍ഷകരെയും ബ്രിട്ടീഷ് പട്ടാളം പിടിച്ചുകൊണ്ടുപോയത്. കേണല്‍ ഹംഫ്രിബ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഇവാന്‍സ് എന്നിവരായിരുന്നു നാടുകടത്തലിന് നേതൃത്വം നല്‍കിയിരുന്നത്. തിരൂരില്‍നിന്നാണ് കൂടുതല്‍പേരെ പിടിച്ചത്. പുലാമന്തോള്‍, ചെമ്പ്രശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഒരുപാടുപേരെ ബ്രിട്ടീഷ് പട്ടാളം പിടികൂടിയിരുന്നു.
1921ലാണ് ആ ദുരന്തമുണ്ടായത്. മലബാര്‍കലാപത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് അറസ്റ്റുചെയ്ത 90 തടവുകാരില്‍ 67 പേരാണ് ചരക്കുവണ്ടിക്കുള്ളില്‍ ശ്വാസംമുട്ടി മരിച്ചത്. താനൂരില്‍നിന്ന് പോത്തന്നൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് ഒരു വാഗണിലാണ് ഇവരെ കുത്തിനിറച്ചുകൊണ്ടുപോയത്. അടച്ചുപൂട്ടിയ വാഗണില്‍ ശ്വാസംകിട്ടാതെ ചെറിയ ദ്വാരങ്ങളില്‍ മൂക്കുചേര്‍ത്തുവെച്ച് ജീവവായുവിനുവേണ്ടി തടവുകാര്‍ പിടഞ്ഞു. മൂന്നുപേരൊഴികെ മറ്റെല്ലാവരും മരിച്ചു. 

 ഓര്‍മകള്‍ ഇതുമതിയോ
വാഗണ്‍ ട്രാജഡിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ സ്മാരകമായിട്ടാണ് തിരൂരില്‍ ടൗണ്‍ഹാള്‍ നിര്‍മിച്ചത്. ഒരു തീവണ്ടിയുടെ ബോഗിയും ഹാളിന് മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തല്‍പോലെ മഞ്ഞയും ചുവപ്പും നിറങ്ങളില്‍ നില്‍ക്കുന്ന ബോഗി. ദുരന്തത്തില്‍ മരിച്ചവരുടെ പേരുകളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം തുടിച്ചുനില്‍ക്കുന്ന മണ്ണില്‍ ഈ സ്മാരകം പുതുതലമുറയോട് പറയുന്നത് സ്വാതന്ത്ര്യത്തിന്റെ വിലയും വേദനയുമാണ്.
വാഗണ്‍ ട്രാജഡി സ്മാരക ഹാളിനൊപ്പം ചരിത്രത്തിന്റെ ഓര്‍മ്മകളായി ചിലതുകൂടി വേണമെന്നും ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. വാഗണ്‍ ദുരന്തം, മാമാങ്കം തുടങ്ങിയ ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കി ചരിത്രമ്യൂസിയം നിര്‍മിക്കണമെന്ന ആവശ്യമാണ് ഇതില്‍ പ്രധാനം. അതോടൊപ്പം വാഗണ്‍ ട്രാജഡി ഹാള്‍ കൂടുതല്‍ നവീകരിക്കണമെന്നും ആവശ്യമുണ്ട്. അങ്ങനെയായാല്‍ കൂടുതല്‍പേര്‍ ഇങ്ങോട്ടേക്ക് കടന്നുവരുമെന്നതില്‍ സംശയമില്ല.
ചരിത്രകഥകള്‍ കേട്ട് മടങ്ങുംമുമ്പേ നട്ടുച്ചവെയിലില്‍ തിളച്ചുനില്‍ക്കുന്ന ആ ബോഗിയില്‍ വെറുതെ ഒന്നുതൊട്ടു...വാഗണില്‍ ജീവന്‍ പൊലിഞ്ഞ ആ മനുഷ്യരുടെ നിശ്വാസങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ടോ...

Posted on: 16 Mar 2015

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal