'വാഗണ്‍ ട്രാജഡിക്ക് ' 94 വയസ്സ്


താനൂരില്‍നിന്ന് 90 ലഹളക്കാരെ കുത്തിനിറച്ചാണ് കോയമ്പത്തൂരിലേക്ക് തീവണ്ടി പുറപ്പെട്ടത്. പോത്തനൂരിലെത്തി വാഗണ്‍ തുറന്നുനോക്കിയപ്പോഴാണ് കരളലിയിക്കുന്ന കാഴ്ച കണ്ടത്.


കോയമ്പത്തൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പോരാട്ടത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ വാഗണ്‍ട്രാജഡി നടന്നിട്ട് 94 വര്‍ഷം പിന്നിടുന്നു. 1921 നവംബര്‍ 20നായിരുന്നു ചരിത്രം വാഗണ്‍ട്രാജഡിയെന്ന് പേരിട്ടുവിളിച്ച ദുരന്തം നടന്നത്.  മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ വായുകടക്കാത്ത തീവണ്ടിവാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകവെ 70 പേര്‍ ശ്വാസംമുട്ടിമരിച്ച സംഭവമാണ് വാഗണ്‍ട്രാജഡി. കലാപത്തിലെ മുന്‍നിര നായകരിലൊരാളായ ആലിമുസ്‌ലിയാര്‍ കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടിട്ട് 93 വര്‍ഷവും കടന്നുപോയി. മുസ്‌ലിയാരെ തൂക്കിലേറ്റിയിട്ടില്ലെന്നും  തൂക്കേണ്ടദിവസം ജയിലില്‍ മരിക്കയാണുണ്ടായതെന്നും വിശ്വസിക്കുന്നവരുമുണ്ട്. മലബാര്‍ പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് ആയിരുന്നു തടവുകാരെ തീവണ്ടികോച്ചില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്.

താനൂരില്‍നിന്ന് 90 ലഹളക്കാരെ കുത്തിനിറച്ചാണ്  കോയമ്പത്തൂരിലേക്ക് തീവണ്ടി പുറപ്പെട്ടത്. പോത്തനൂരിലെത്തി  വാഗണ്‍ തുറന്നുനോക്കിയപ്പോഴാണ് കരളലിയിക്കുന്ന കാഴ്ച കണ്ടത്. 56 പേര്‍ ശ്വാസംകിട്ടാതെ മരിച്ചിരിക്കുന്നു. തീര്‍ത്തും അവശരായ 14 പേര്‍ പിന്നീട് മരിച്ചു. ആകെ 70 പേര്‍ക്കാണ് വാഗണ്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. നാല് ഹിന്ദുക്കളും 66 മുസ്‌ലീങ്ങളുമാണ് മരിച്ചത്. കണ്ണ് തുറിച്ചും മരണവെപ്രാളത്തില്‍ പരസ്പരം മാന്തിപ്പറിച്ചുമുള്ള മൃതദേഹങ്ങള്‍ കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അന്നത്തെ ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനായി കോയമ്പത്തൂരിലെ മലയാളികള്‍ക്ക് മലബാര്‍ മലയാളി മുസ്‌ലീം അസോസിയഷന്‍ എന്ന സംഘടനയ്ക്ക് രൂപംനല്‍കേണ്ടി വന്നു. ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രമേ മൃതശരീരങ്ങള്‍ വിട്ടുകൊടുക്കൂ എന്ന് ബ്രിട്ടീഷ് അധികൃതര്‍ ശഠിക്കയായിരുന്നു.
 
59 മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി. തൃക്കലങ്ങോട്ടുകാരായ അക്കരവീട്ടില്‍ കുന്നപ്പള്ളി അച്യുതന്‍ നായര്‍, റിസാക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണിപ്പുറയന്‍, ചോലക്കപ്പറമ്പില്‍ ചെട്ടിച്ചിപ്പു, മേലേടത്ത് ശങ്കരന്‍നായര്‍ എന്നിവരായിരുന്നു മരിച്ച ഹിന്ദുക്കള്‍.  ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍  അവകാശികളാരും എത്തിയില്ല. തുടര്‍ന്ന്, ഇവ മൂത്തൂര്‍കുന്നിലെ കല്ലുവെട്ടുകുഴിയില്‍ അടക്കംചെയ്തു. 44 മൃതദേഹങ്ങള്‍ തിരൂര്‍ കോരങ്ങത്ത് പള്ളി ഖബര്‍സ്ഥാനിലും 11 മൃതദേഹങ്ങള്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലുമാണ് അടക്കം ചെയ്തത്. പിന്നീട് മരിച്ച 14 പേരെ പോത്തനൂരിലെയും കോയമ്പത്തൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെയും പള്ളികളിലും  ഹൈദരലി ടിപ്പുസുല്‍ത്താന്‍ സുന്നത്ത് ജമാ അത്ത് മസ്ജിദിലും ഖബറടക്കി. ടിപ്പുസുല്‍ത്താന്‍ മസ്ജിദിലാണ് മലബാര്‍കലാപം നയിച്ച ആലി മുസ്‌ലിയാരെ 1922 ഫിബ്രവരി 17ന് അടക്കംചെയ്തത്.

മാതൃഭൂമി 

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal