1921 ജ്വലിക്കുന്ന ഒാർമ.

ബ്രിട്ടീഷുകാർക്കെതിരെ രാജ്യവ്യാപകമായി പ്രതിരോധങ്ങൾ ശക്തിപ്പെട്ട 19ാം നൂറ്റാണ്ടിൽ മലപ്പുറത്തുനിന്ന് ആദ്യ 'വെടി' പൊട്ടി. 1921 മലബാർ സമരമെന്ന പേരിൽ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച പ്രക്ഷോഭം ബ്രിട്ടീഷ് അധികാരികളെ പിടിച്ചുകുലുക്കി. കോൺഗ്രസ് ആവിഷ്കരിച്ച നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ഒരുമിച്ചതോടെ പോരാട്ടത്തിന് ശക്തിയേറി.
പൂക്കോട്ടൂർ, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, പാണ്ടിക്കാട്, കരുവാരകുണ്ട്, തിരൂർ, താനൂർ, തിരൂരങ്ങാടി തുടങ്ങിയ പ്രദേശങ്ങൾ സമരഭൂമിയായി. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ സമരത്തി​െൻറ ചൂടെത്തി. സമാധാനപരമായി ആരംഭിച്ച ഖിലാഫത്ത് സമരങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തി​െൻറ പ്രകോപനപരമായ നടപടികളിലൂടെ സായുധ പ്രതികരണങ്ങളിലേക്ക് നീങ്ങി. ആലി മുസ്‌ലിയാരും വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു പോർമുഖങ്ങളുടെ മുന്നിൽ നിന്നവർ. കോൺഗ്രസ് നേതാക്കൾ ഇവർക്ക് ശക്തമായ പിന്തുണ നൽകി.
ആഗസ്റ്റ് 20ന് പൂക്കോട്ടൂരില്‍ തുറന്ന യുദ്ധമുണ്ടായി. കോഴിക്കോട് നിന്ന് വന്ന ബ്രിട്ടീഷ് പട്ടാളത്തെ പൂക്കോട്ടൂരിലെ ജനങ്ങള്‍ നെഞ്ചുവിരിച്ച് നേരിട്ടു. പിറകെ, ബ്രിട്ടീഷുകാർ തിരൂരങ്ങാടി പള്ളി നശിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചു. ഇതറിഞ്ഞ താനൂരിലെ ഖിലാഫത്ത് പ്രവർത്തകർ അങ്ങോട്ടു നീങ്ങി. ഇവരെ നേരിടാനായി സൈനിക വ്യൂഹവുമെത്തി. തിരൂരങ്ങാടിക്ക് സമീപം പൊലീസും സംഘവും ഏറ്റുമുട്ടി. നിരവധി പേർ മരിച്ചു, അറസ്റ്റിലായി. പ്രവര്‍ത്തകരുടെ അറസ്റ്റും പള്ളി പട്ടാളം വളഞ്ഞിരിക്കുന്നുവെന്ന കഥയും പ്രചരിച്ചതോടെ വർധിത വീര്യത്തോടെ പോരാളികൾ തിരൂരങ്ങാടിയിലേക്ക് ഒഴുകുകയായിരുന്നു. ഇവരെ പട്ടാളം തടഞ്ഞത് െവടിെവപ്പിൽ കലാശിച്ചു. പെരിന്തൽമണ്ണ, കരുവാരകുണ്ട്, മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളിലും ഇതിന് പിറകെ പ്രശ്നങ്ങളുണ്ടായി. ബ്രിട്ടീഷുകാർക്കെതിരെയും ജന്മിത്വത്തിനെതിരെയും കർഷകരും മാപ്പിളമാരും അണിനിരന്നു. സർക്കാർ ഒാഫിസുകളും സ്ഥാപനങ്ങളും അഗ്നിക്കിരയായി.
പ്രക്ഷോഭകരെ തകർക്കാൻ ബ്രിട്ടീഷുകാർ പല തന്ത്രങ്ങളും പയറ്റി. സമരക്കാരെ അടിച്ചമർത്തുന്നതിന് സായിപ്പ് കണ്ടുപിടിച്ച ക്രൂരപ്രതികാരങ്ങളിലൊന്നായിരുന്നു രാജ്യത്തെ നടുക്കിയ വാഗൺ ട്രാജഡി. ഇരുനൂറോളം തടവുകാരെ ഒരു വാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. പോത്തന്നൂരിൽ വണ്ടിയെത്തിയപ്പൊൾ ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാർ മരിച്ചിരുന്നു.
ഖിലാഫത്ത് സമരനായകൻ ആലി മുസ്ലിയാരെ 1922 ഫെബ്രുവരിയിൽ കോയമ്പത്തൂർ ജയിലിൽ തൂക്കിക്കൊന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ച് കൊന്നു. ഇൗ രണ്ട് മരണങ്ങളോടെ ഖിലാഫത്ത് പ്രസ്ഥാനം ക്ഷയിച്ചു. അതിനകം ആയിരത്തിലധികം പേർ രക്തസാക്ഷികളായി. നിരവധി പേരെ നാടു കടത്തി. മലബാറിനെ ഉണർത്തിയ, ബ്രിട്ടീഷ് സേനയെ പിടിച്ചുകുലുക്കിയ ഇൗ സമരങ്ങൾ രാജ്യത്തി​െൻറ സ്വാതന്ത്ര്യസമരത്തിന് തീ പകർന്ന ശക്തമായ കൈവഴികളിലൊന്നാണ്.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal