മലബാര്‍ കലാപകാലത്തേക്ക് വെളിച്ചംവീശി സെമിനാര്‍

തിരൂര്‍ . മലബാര്‍ കലാപത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശി വാഗണ്‍ ട്രാജഡി ചരിത്ര സെമിനാര്‍. മലബാറിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ചോരപുരണ്ട ഇതിഹാസമായ വാഗണ്‍ ട്രാജഡി കൂട്ടക്കൊലയുടെ 95-ാം വാര്‍ഷിക ഭാഗമായി തിരൂര്‍ നഗരസഭയാണ് അനുസ്മരണ സമ്മേളനവും ചരിത്ര സെമിനാറും നടത്തിയത്.

ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ കര്‍ഷകരും തൊഴിലാളികളും നടത്തിയ മലബാര്‍ കലാപത്തെ വളച്ചൊടിച്ച് ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നതിനെതിരെ ചരിത്രാന്വേഷികളുടെയും ചരിത്ര വിദ്യാര്‍ഥികളുടെയും കൂട്ടായ്മ വളര്‍ത്തണമെന്ന് സെമിനാര്‍ ആഹ്വാനംചെയ്തു. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൌണ്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ചരിത്രകാരനും സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനംചെയ്തു. ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷനായി.
വാഗണ്‍ ട്രാജഡി ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട പുത്തുത്തോട്ടില്‍ കോയക്കുട്ടിയുടെ മകന്‍ അബൂട്ടി എന്ന ലത്തീഫിനെയും കേന്ദ്ര സര്‍ക്കാരിന്റെ മികച്ച കര്‍ഷക അവാര്‍ഡ് നേടിയ നഗരസഭാ കൌണ്‍സിലര്‍ എം മുഹമ്മദ് മൂപ്പനെയും കെ കെ എന്‍ കുറുപ്പ് ആദരിച്ചു. കെ കെ എന്‍ കുറുപ്പ് രചിച്ച 'ചരിത്ര പഠനങ്ങള്‍'   ഗ്രന്ഥത്തിന്റെ പ്രകാശനം നഗരസഭാ ചെയര്‍മാന് നല്‍കി നിര്‍വഹിച്ചു. അഡ്വ. പി ഹംസക്കുട്ടി, പി കുഞ്ഞീതുട്ടി ഹാജി, കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി, കെ പി പ്രദീപ്കുമാര്‍, പിമ്പുറത്ത് ശ്രീനിവാസന്‍, പി എ ബാവ, കാസിം വാടി എന്നിവര്‍ സംസാരിച്ചു.
ചരിത്ര സെമിനാറില്‍ പ്രൊഫ. എം എം നാരായണന്‍ മോഡറേറ്ററായി. ഡോ. കെ ഗോപാലന്‍കുട്ടി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. സുമതി ഹരിദാസ്, പ്രൊഫ. സി പി അബൂബക്കര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ നാജിറ അഷറഫ് സ്വാഗതവും  നഗരസഭാ സെക്രട്ടറി വി ജെ കുര്യന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal