റോബര്‍ട്ട്‌ ഹിച്ച്കോക്ക്‌

1921 ലെ സൌത്ത്‌ മലബാര്‍ പോലീസ്‌ സൂപ്രണ്ടായിരുന്നു റോബര്‍ട്ട്‌ ഹിച്ച്കോക്ക്‌. 1900-മാണ്ടില്‍ നോര്‍ത്ത്‌ മലബാറില്‍ ഡി.വൈ.എസ്‌.പി തസ്തികയില്‍ നിയമിതനായ ഈ ഇംഗ്ലീഷുകാരന്‍ ബ്രിട്ടീഷ്‌ പോലീസിന്റെ ശരിയായ എല്ലാ ക്രൂരമുഖങ്ങളുമുള്ള ഉദ്യോഗസ്ഥനായിരുന്നെങ്കിലും കാര്യശേഷിക്കുറവോ നയതന്ത്രക്കുറവോ ഉണ്ടായിരുന്ന ആളല്ല. കലക്ടര്‍ തോമസിനെ പോലെ ക്ഷിപ്രകോപിയുമായിരുന്നില്ല. എന്നാല്‍ സാമ്രാജ്യത്വ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ തന്ത്രജ്ഞനായ ഈ പോലീസ്‌ ഓഫീസര്‍ എന്ത്‌ സാഹസവും ചെയ്യാന്‍ തയ്യാറായിരുന്നു.
സൌത്ത്‌ മലബാര്‍ പോലീസ്‌ സൂപ്രണ്ടായി ചാര്‍ജ്ജ്‌ എടുത്ത ഉടന്‍ ഏറനാട്‌ , വെള്ളുവനാട്‌ ,ഏറനാടുകളില്‍ പോലിസ്‌ സേനയെ പുന:സംഘടിപ്പിച്ച്‌ മാപ്പിളമാരെ പോലീസിലേക്ക്‌ ധാരാളം റിക്രൂട്ട്‌ ചെയ്തു. ഉയര്‍ന്ന തസ്തികകളില്‍ അനേകം മാപ്പിളമാരെ നിയമിച്ചു. ഇതൊക്കെയാണെങ്കിലും മാപ്പിളമാര്‍ ഹിച്ച്കോക്കിനെ പിശാചിനെ പോലെ വെറുത്തിരുന്നു.
മോങ്ങത്തിനടുത്ത്‌ സ്ഥാപിച്ചിരുന്ന ഹിച്ച്കോക്കിന്റെ സ്മാരകത്തിന്‍മേല്‍ ഒരു മാപ്പിളകവി ഇങ്ങിനെ കുറിച്ചു വെച്ചിരുന്നു. (ഇപ്പോള്‍ ഇവിടെ വാഗണ്‍ ട്രാജഡി സ്മാരക ബസ്‌ സ്റ്റോപ്പ്‌ സ്ഥിതി ചെയ്യുന്നു)

മഞ്ചേരിയില്‍ നിന്നാഞ്ചാറു മെയില്‍ ദൂരമേ മോങ്ങത്ത്‌
സഞ്ചരിക്കുന്നോര്‍ക്ക്‌ കാണാം ആര്‍ക്കുമേ നിരത്തില്‌
ചത്തുപോയ ഹിച്ച്കോക്ക്‌ സായിപ്പിന്റെ സ്മാരകം
ചാത്തനെ കുടിവെച്ച പോലെ ആ ബലാലിന്‍ സ്മരണകള്‍
നമ്മളെ കൂട്ടരെയാണാ സുബറ്‌ കൊന്നത്‌
നമ്മുടെ നെഞ്ചിലാണാകല്ല്‌ കേറ്റി വെച്ചത്‌.

1921 ആംഗ്ലോ മാപ്പിള യുദ്ധം
എകെ കോഡൂർ

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal